ജയരാജ് ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം

ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നുവെന്ന് റിപ്പോർട്ട്. ‘ബാക്ക് പാക്ക്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജയരാജ് തന്നെയാണ്.

രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയാണ് തന്റെ സിനിമയില്‍ ജയറാമിന്റെ മകന്‍ കാളിദാസ് അഭിനയിക്കുന്ന കാര്യം വ്യക്തമാക്കിയത്. പുതുമുഖ നടി കാര്‍ത്തികയാണ് സിനിമയിലെ നായികയായി എത്തുന്നത്. രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഹാപ്പി സര്‍ദ്ദാര്‍ ആണ് കാളിദാസിന്റേതായി ഉടന്‍ വരാനിരിക്കുന്ന മറ്റൊരു ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്നൊരു ചിത്രം കൂടി കാളിദാസൻ്റേതായി പുറത്തിറങ്ങാനുണ്ട്. പൂമരം എന്ന സിനിമയിലൂടെ മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി, അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മീൻ കുഴമ്പും മൺപാനയും എന്ന തമിഴ് ചിത്രത്തിലൂടെ കമൽ ഹാസനൊപ്പമാണ് കാളിദാസിൻ്റെ നായക വേഷങ്ങളിലെ അരങ്ങേറ്റം. ഒരു പക്കാ കഥൈ എന്ന തമിഴ് ചിത്രത്തിലും കാളിദാസ് അഭിനയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More