കൊച്ചിയിലേക്ക് ആദ്യ തീവണ്ടി വന്നത് ശ്രീ പൂർണത്രയീശന്റെ 14 നെറ്റിപ്പട്ടങ്ങൾ വിറ്റ്; ആ കടം വീട്ടി രാജകുടുംബം

നൂറ്റിപ്പത്ത് വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജകുടുംബവും ശ്രീ പൂർണത്രയീശനും തമ്മിലൊരു കടമിടപാടുണ്ടായിരുന്നു. കൊച്ചിയിലെ ആദ്യ തീവണ്ടി ചൂളംവിളിച്ച് എത്തിയതുമായി ബന്ധപ്പെട്ട്. ഒരു ശതാബ്ദത്തിനിപ്പുറം ഇന്ന് ആ കടം വീട്ടിയിരിക്കുകയാണ് രാജകുടുംബത്തിലെ അംഗമായ കുഞ്ഞിപ്പിള്ളക്കുട്ടി തമ്പുരാനും കുടുംബവും.
1909ൽ 14 നെറ്റിപ്പട്ടങ്ങൾ വിറ്റ് കണ്ടെത്തിയ പണം ഉപയോഗിച്ചാണ് അന്ന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ കൊച്ചിയിലേക്ക് ആദ്യ തീവണ്ടി എത്തിക്കുന്നത്. ശ്രീ പൂർണത്രയീശന്റെ വൃശ്ചികോത്സവ ശീവേലിക്ക് ഉപയോഗിച്ചിരുന്ന സ്വർണ നെറ്റിപ്പട്ടങ്ങളാണ് വിൽപ്പന നടത്തിയത്.
Read Also : ബ്രിട്ടീഷ് രാജകുടുംബത്തിലെ നവ അതിഥിയെ അധിക്ഷേപിച്ച അവതാരകനെ ബിബിസി പുറത്താക്കി
ശ്രീ പൂർണത്രയീശ ദാസന്മാരായ കൊച്ചി രാജാക്കന്മാരിൽനിന്നുണ്ടായ ഈ പ്രതീക്ഷിക്കാത്ത നടപടി അക്കാലത്ത് ഏറെ ചർച്ചയായി. ചരിത്രത്തിൽ കൊച്ചി മഹാരാജാവിന്റെ യശസ്സ് ഉയർത്തിയെങ്കിലും രാജകുടുംബങ്ങളിൽ ചിലർ അതൃപ്തരായിരുന്നു. ഭഗവാന്റെ ആനയാഭരണം വിൽ്‌ക്കേണ്ടി വന്നതിൽ പലരും സങ്കടപ്പെട്ടു. ഇതിനു പ്രായശ്ചിത്തമായി ക്ഷേത്രത്തിലേക്ക് എന്തെങ്കിലും നൽ്കണമെന്ന ചിന്തയും ശക്തമായി. അങ്ങനെയാണ് ഇപ്പോൾ എഴുന്നള്ളിപ്പിന് ഒരു നെറ്റിപ്പട്ടം സമർപ്പിച്ച് കുഞ്ഞിപ്പിള്ളക്കുട്ടി തമ്പുരാന്റെ കുടുംബം കടം വീട്ടിയത്.
ചൂരപ്പൊളി മാതൃകയിൽ പെരുമ്പാവൂരിൽ നിർമിച്ച നെറ്റിപ്പട്ടത്തിൽ കൊച്ചി രാജവംശത്തിന്റെ ചിഹ്നം പതിച്ചിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിലെ അമ്മ തമ്പുരാൻ രണ്ടാംസ്ഥാനക്കാരികൂടിയാണ് കുഞ്ഞിപ്പിള്ളക്കുട്ടി തമ്പുരാൻ. ക്ഷേത്രനടയിൽ രാജകുടുംബാംഗങ്ങളിൽനിന്ന് ബുധനാഴ്ച നെറ്റിപ്പട്ടം ഏറ്റുവാങ്ങി. തിരുവോണം ആറാട്ടായി നടക്കുന്ന മൂശാരി ഉത്സവത്തിന് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്ന ഗജവീരന് ഈ നെറ്റിപ്പട്ടം അണിയിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here