‘സാഹോ’ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം

പ്രേക്ഷകർ കാത്തിരുന്ന പ്രഭാസ് ചിത്രം സാഹോയുടെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ആരാധകന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. പതിനെട്ട് വയസിന് താഴെ പ്രായമുള്ള കുട്ടിയാണ് മരിച്ചതെന്ന് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

വീടിന് സമീപമുള്ള തിയേറ്ററിൽ സഹോയുടെ ബാനർ വലിച്ചുകെട്ടുന്നതിനിടെയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. ബാനർ കെട്ടുന്നതിനിടെ വൈദ്യുതി കമ്പിയിൽ കുട്ടിയുടെ കൈ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് കെട്ടിടത്തിന്റെ മുകളിൽ നിന്നും കുട്ടി തെറിച്ച് വീഴുകയായിരുന്നു. തിയേറ്റർ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രമെന്ന നിലയിൽ സഹോ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക. ജാക്കി ഷറോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top