സൗജന്യ റേഷൻ അനർഹമായി കൈപ്പറ്റി; എറണാകുളം ജില്ലയിൽ ആകെ പിഴ ഈടാക്കിയത് 1.07 ലക്ഷം രൂപ

ബിപിഎൽ പട്ടികയിൽ അനർഹമായി കടന്നുകൂടി സൗജന്യമായി റേഷൻ വാങ്ങിയവരിൽ നിന്നും ഒരു മാസത്തിനിടെ ഈടാക്കിയ പിഴ 1,07,720 രൂപ. എറണാകുളം ജില്ലയിൽ നിന്ന് മാത്രമുള്ള കണക്കാണിത്. എഞ്ചിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ മുതൽ കോടികൾ ആസ്തിയുള്ളവർ വരെ അനർഹമായി റേഷൻ കൈപ്പറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മാത്രം ആയിരത്തോളം പേരെ കണ്ടെത്തി എപിഎൽ പട്ടികയിലാക്കിയിരുന്നു.
വാങ്ങിയ സാധനങ്ങളുടെ മാർക്കറ്റ് വില കണക്കാക്കിയാണ് പിഴ ഈടാക്കിയത്. മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിൻ്റെ പരിധിയിലാണ് ഏറ്റവുമധികം തുക പിരിഞ്ഞു കിട്ടിയത്. 46,444 രൂപയാണ് ഇവിടെ ആകെ പിരിഞ്ഞത്. കോതമംഗലം താലൂക്ക് ഒഴികെ മറ്റിടങ്ങളിലെല്ലാം അനർഹരിൽ നിന്നു പിഴ ഈടാക്കിയിട്ടുണ്ട്. കണയന്നൂർ 7677 രൂപ, കൊച്ചി 1822 രൂപ, ആലുവ 10134 രൂപ, പറവൂർ 33,072 രൂപ, കുന്നത്തുനാട് 8,571 രൂപ എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ കണക്ക്.
അനർഹർ ബിപിഎൽ ലിസ്റ്റിൽ കടന്നു കൂടിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് അധികൃതർ നടത്തുന്ന പരിശോധന തുടരുകയാണ്. ഇനിയും ഒട്ടേറെ ആളുകളെ പിടികൂടാനുണ്ട്. സ്വയം ഒഴിവാകാത്ത പക്ഷം ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here