യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പത്താം പ്രതി മുഹമ്മദ് അസ്ലം പിടിയിൽ

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പത്താം പ്രതി മുഹമ്മദ് അസ്ലം പിടിയിൽ. പെരിങ്ങമലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇതോടെ പിടികൂടിയ പ്രതികളുടെ എണ്ണം 20 ആയി. ഇനി 10 പേർ കൂടി കേസുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ട്.
നേരത്തെ കേസിലെ മൂന്നാം പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയെ ഇതുവരെയായും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ ഹൈക്കോടതി രാഷ്ട്രീയ സ്വാധീനമല്ല മറിച്ച് കുറ്റകൃത്യത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്നും കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. മറ്റൊരു പാർട്ടിയുടെ ആളാണ് പ്രതിയെങ്കിൽ പൊലീസ് സമീപനം ഇതായിരിക്കുമോയെന്ന് ചോദിച്ച കോടതി മുൻകൂർ ജാമ്യ ഹർജി നൽകിയ മുൻ ആഭ്യന്തര മന്ത്രിയെ വരെ അറസ്റ്റ് ചെയ്ത നാടാണിതെന്നും ഓർമ്മപ്പെടുത്തി.
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളിലൊരാളായ അമറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പൊലീസിനെതിരെ കോടതിയുടെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here