‘രാഷ്ട്രീയ സ്വാധീനമല്ല കുറ്റകൃത്യത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടത്’; യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ പൊലീസിനെതിരെ ഹൈക്കോടതി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. കേസിലെ മൂന്നാം പ്രതിയെ ഇതുവരെയായും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ ഹൈക്കോടതി രാഷ്ട്രീയ സ്വാധീനമല്ല മറിച്ച് കുറ്റകൃത്യത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്നും കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. മറ്റൊരു പാർട്ടിയുടെ ആളാണ് പ്രതിയെങ്കിൽ പൊലീസ് സമീപനം ഇതായിരിക്കുമോയെന്ന് ചോദിച്ച കോടതി മുൻകൂർ ജാമ്യ ഹർജി നൽകിയ മുൻ ആഭ്യന്തര മന്ത്രിയെ വരെ അറസ്റ്റ് ചെയ്ത നാടാണിതെന്നും ഓർമ്മപ്പെടുത്തി.
Read Also; യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളിലൊരാളായ അമറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പൊലീസിനെതിരെ കോടതിയുടെ പരാമർശം.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരും നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.
19 പ്രതികളുള്ള കേസിൽ ഇനി 11 പേരെ കൂടി പിടികൂടാനുണ്ട്. കേസിലെ ബാക്കിയുള്ള പ്രതികളെ പൊലീസ് പിടികൂടാൻ വൈകുന്നതിനെതിരെ ആക്ഷേപമുയർന്നതിനെ തുടർന്ന് പൊലീസ് 11 പ്രതികൾക്കുമായി ആഗസ്റ്റ് 8 ന് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിഎസ്‌സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതിയും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ രണ്ടാമനുമായിരുന്ന പ്രണവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here