ഹിന്ദുസ്ഥാനി സംഗീതം കേരളത്തിൽ ജനപ്രിയമാക്കാൻ അൽഫോൻസ് ജോസഫ്

ഹിന്ദുസ്ഥാനി സംഗീതത്തെ കേരളത്തിൽ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്. തന്റെ നേതൃത്വത്തിൽ കളമശേരി ക്രോസ്‌റോഡ്‌സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പുതുതായി ആരംഭിച്ച ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തിൽ മൂന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ നേതൃത്വത്തിലാവും ക്ലാസുകളെന്ന് അദ്ദേഹം അറിയിച്ചു.
ഉത്തരേന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഉയർന്ന നിലവാരമുള്ള ഹിന്ദുസ്ഥാനി സംഗീത വിദ്യാഭ്യാസം ആധികാരികമായി ഗുരുമുഖത്തുനിന്ന് പഠിപ്പിക്കുന്ന രീതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അൽഫോൻസ് പറയുന്നു. 17 വർഷമായി ദക്ഷിണേന്ത്യൻ സംഗീത വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങൾക്കൊപ്പം, ഇന്ത്യൻ, പാശ്ചാത്യ സംഗീത വിഭാഗങ്ങളിൽ സംഗീതജ്ഞർക്ക് മികച്ച അറിവുണ്ടാകേണ്ടതിന്റെ ആവശ്യകത താൻ മനസിലാക്കിയിട്ടുണ്ടെന്ന് അൽഫോൻസ് കൂട്ടിച്ചേർത്തു.
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് സുധാകർ ഗോപാൽ ദിയോലെയാണ് ക്രോസ്‌റോഡ് കളമശേരി കാമ്പസിൽ ആരംഭിച്ച പുതിയ വകുപ്പിന് നേതൃത്വം നൽകുക. അൽഫോൻസിന്റെ സഹോദരനായ പോൾസൺ ജോസഫും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.
പ്രഫഷണൽ നിലവാരമുള്ള സംഗീത വിദ്യാഭ്യാസം കേരളത്തിലെ കാലാകാരൻമാർക്കും സംഗീതജ്ഞർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013ൽ അൽഫോൻസ് ജോസഫ് സ്ഥാപിച്ചതാണ് ക്രോസ്‌റോഡ്‌സ് സ്‌കൂൾ ഓഫ് മ്യൂസിക്. സംഗീത നൈപുണ്യവും വ്യവസായ ആവശ്യങ്ങളും തമ്മിൽ നിലവിലുള്ള അന്തരം കുറയ്ക്കൽ ഈ സ്ഥാപനം ലക്ഷ്യമിടുന്നു. സംഗീത വ്യവസായരംഗത്ത് യുവ സംഗീതജ്ഞരെ സജ്ജരാക്കുന്നതിന് ലക്ഷ്യമിട്ട് അടുത്തിടെ ക്രോസ്‌റോഡ്‌സ് സ്‌കൂൾ ഓഫ് മ്യൂസിക് ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷനിൽ സ്‌പെഷ്യലൈസ്ഡ് ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സ് അവതരിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here