ബാങ്ക് തട്ടിപ്പുകൾ വർധിക്കുന്നു; കഴിഞ്ഞ വർഷത്തിൽ മാത്രം 73.08 ശതമാനം വര്‍ധന

ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നുവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. തട്ടിച്ചെടുത്ത തുകയില്‍ 73.8 ശതമാനമാണ് വർധന. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ 6,801 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ തട്ടിപ്പുകളില്‍ നിന്നായി 71,542.93 കോടി രൂപ നഷ്ടമായി. 2017-18 വര്‍ഷത്തില്‍ 5,916 തട്ടിപ്പുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 41,167.04 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 3,766 തട്ടിപ്പുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

Read Also: മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് റിസർവ് ബാങ്ക്

തട്ടിപ്പ് കണ്ടെത്താന്‍ ബാങ്കുകള്‍ 22 മാസം എടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടിപ്പു നടന്ന തീയതിയും അതു ബാങ്കുകള്‍ കണ്ടെത്തിയ തീയതിയും തമ്മില്‍ 22 മാസത്തിന്റെ അന്തരമുണ്ട്. 100 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകള്‍ നടന്ന തീയതിയും അതു കണ്ടെത്തിയ തീയതിയും തമ്മിലുള്ള അന്തരം ശരാശരി 55 മാസങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നീരവ് മോദിയുടെ തട്ടിപ്പിന് ശേഷം സര്‍ക്കാരും ആര്‍ബിഐയും തട്ടിപ്പ് തടയാനായി കര്‍ശന മാര്‍ഗ നിർദേശങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോഴും തട്ടിപ്പ് കണ്ടെത്താന്‍ കാലതാമസം നേരിടുകയാണ്.

Read Also: നോട്ടു നിരോധനത്തിലും കള്ളനോട്ടുകൾക്കു കുറവില്ല; 500 രൂപയുടെ വ്യാജന്‍ വര്‍ധിച്ചത് 121 ശതമാനം

തട്ടിപ്പുകളില്‍ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണ്. ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പ് തുകയുടെ 0.3 ശതമാനമാണ്. ഒരു ലക്ഷത്തില്‍ താഴെ തുകയുടെ തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More