കശ്മീർ: ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ

ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇന്ത്യയുമായി സംഭാഷണം നടത്തുന്നതിന് തങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ചർച്ചയ്ക്കുള്ള സാധ്യതകളെ പാകിസ്താൻ തള്ളിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിൽനിന്നു പാകിസ്താൻ പിൻമാറുകയാണെന്നും ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് മറ്റേത് ബാഹ്യ ഇടപെടലും വിലമതിക്കപ്പെടും. ഇന്ത്യയെ സമ്മർദത്തിലാക്കാൻ മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്താന് പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്. ഭീകരവാദവും ആക്രമണവും അവസാനിപ്പിക്കാതെ പാകിസ്താനുമായി ചർച്ചയില്ലെന്ന് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here