പുല്ലാങ്കുഴൽ വിദഗ്ധൻ ജിഎസ് ശ്രീകൃഷ്ണൻ അന്തരിച്ചു

പ്രമുഖ പുല്ലാങ്കുഴൽ വിദഗ്ധനും കർണാടക സംഗീതജ്ഞനുമായ ജി.എസ്. ശ്രീകൃഷ്ണൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.
സംസ്കാരം തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കും. ആകാശവാണി മുൻ ഡയറക്ടറായും ശ്രീകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്.
Read Also : സംഗീത സംവിധായകൻ മുഹമ്മദ് സുഹൂർ ഖയാം അന്തരിച്ചു
ആറാം വയസ്സിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചാണ് ശ്രീകൃഷ്ണൻ ഓടക്കുഴലിൽ തന്റെ സംഗീത പ്രയാണം തുടങ്ങുന്നത്. ആകാശവാണിയിൽ ആർട്ടിസ്റ്റായി വന്ന് സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്റർവ്യൂ ജയിച്ച് 1975ൽ ശ്രീകൃഷ്ണൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലും ഡൽഹി ഡയറക്ടറേറ്റിലും ജോലി ചെയ്തു. നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിക്കു സുപരിചിതയായ ഭാര്യ ഗായത്രി ശ്രീകൃഷ്ണൻ അടുത്തിടെയാണു മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here