ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാൻ ഇന്ന് മുതൽ 15 രൂപ അധിക ഫീസ്

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഫസ്റ്റ് ക്ലാസ് ഉൾപ്പെടെയുള്ള എസി ക്ലാസുകൾക്ക് 30 രൂപയും മറ്റ് ക്ലാസുകൾക്ക് 15 രൂപയുമാണ് ഒരു ടിക്കറ്റിന് സർവീസ് ചാർജ് ഈടാക്കുക. ഒപ്പം ചരക്ക് സേവന നികുതി(ജിഎസ്ടി)യുമുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
നേരത്തേയുണ്ടായിരുന്ന സർവീസ് ചാർജുകൾ 2016ലാണ് റെയിൽവേ പിൻവലിച്ചത്. ഓൺലൈൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഈ സർവീസ് ചാർജുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. സർവീസ് ചാർജ് പിൻവലിച്ചതിനെ തുടർന്ന് റെയിൽവേക്കുണ്ടായിട്ടുള്ള നഷ്ടം ഇത് തിരികെ കൊണ്ട് വരുന്നതിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
സർവീസ് ചാർജ് ഈടാക്കുന്ന സംവിധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ധനമന്ത്രാലയം റെയിൽ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് അനുമതിയും നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here