‘പഴയ ഫൈൻ തന്നെയാണെന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താൻ പതുങ്ങി വരുന്ന പിള്ളേച്ചൻ’ ബോധവത്കരണ ട്രോളുമായി പൊലീസ്

പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ട്രോളുമായി കേരള പൊലീസ്. മീശമാധവൻ സിനിമയിലെ ജഗതിയുടെ പ്രശസ്തമായ പിള്ളേച്ചൻ എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്. ഫൈൻ പഴയതാണെന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താൻ പതുങ്ങി വരുന്ന പിള്ളേച്ചൻ പുതുക്കിയ ഫൈൻ കണ്ട് ഞെട്ടുന്നതും തൊഴുതു കൊണ്ട് ‘കീശകാലിയാക്കരുത് …പ്ലീസ് ‘ എന്നഭ്യർത്ഥിക്കുന്നതുമാണ് ട്രോൾ. ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്നു മുതൽ ഈടാക്കുന്ന കനത്ത പിഴത്തുകയുടെ വിവരങ്ങളും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്.
ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയുമായി പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്ക് രക്ഷകർത്താക്കൾക്ക് ജയിൽ ശിക്ഷ ഉൾപ്പെടെ ലഭിക്കുന്നതുമായ ഭേദഗതികളോടെയാണ് നിയമം നടപ്പാക്കിയിരിക്കുന്നത്. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള പിഴ ആയിരത്തിൽ നിന്ന് പതിനായിരമാക്കിയിട്ടുണ്ട്.
Read Also; ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ
മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10,000 രൂപയാണ്. സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള പിഴ നൂറ് രൂപയിൽ നിന്ന് ആയിരം രൂപയായും അമിത വേഗത്തിനുള്ള പിഴ ആയിരത്തിൽ നിന്ന് രണ്ടായിരമായും ഉയർത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗിന് പിഴ 5000 രൂപയാണ്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപയും പെർമിറ്റില്ലാതെ ഓടിച്ചാൽ 10,000 രൂപയുമാണ് പിഴ. എമർജൻസി വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കിയാൽ 10,000 രൂപയും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ 2000 രൂപയും പിഴ ഈടാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here