പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി നിർണയം ഇന്ന് പൂർത്തിയാകും

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നിർണയം ഇന്ന് പൂർത്തിയാകും. നിഷാ ജോസ് കെ മാണിക്കാണ് പ്രഥമ പരിഗണന. ജോസഫ് വിഭാഗം എതിർത്താൽ യുഡിഎഫിനെ മുൻ നിർത്തി അനുനയിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. പ്രശ്‌ന പരിഹാരത്തിന് ഇരുവിഭാഗങ്ങളുമായി യുഡിഎഫ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
ജോസ് കെ മാണി ഉൾപ്പെടാത്ത ഏഴംഗ പ്രത്യേക സമിതി സ്ഥാനാർത്ഥി നിർദ്ദേശങ്ങൾ ഇന്ന് പാർട്ടിക്ക് മുന്നിൽ വെക്കും. നിഷയെ സ്ഥാനാർത്ഥിയാക്കാനുള്ള ശുപാർശയാകും പ്രവർത്തകരുടെ അഭിപ്രായമെന്ന രീതിയിൽ അവതരിപ്പിക്കുക. യുഡിഎഫ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനം അറിയിക്കാനാണ് നീക്കം.
pala പൊതുസമ്മതനായ ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തിൽ പി.ജെ ജോസഫ് ഉറച്ചു നിൽക്കുകയാണ്. നിഷയുടെ സ്ഥാനാർത്ഥിത്വത്തെ ജോസഫ് എതിർത്താൽ രണ്ടില ചിഹ്നത്തിനായി യുഡിഎഫ് ഇടപെടൽ ഉറപ്പ് വരുത്താനാണ് ജോസ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയ ശേഷമാകും യുഡിഎഫ് നേതൃത്വവുമായി ചേർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചാൽ ചിഹ്നം ലഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടാകും. ഇതുണ്ടായാൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിഷയെ കളത്തിലിറക്കാനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here