ഒരു വർഷം മുൻപ് ചെയ്ത പരസ്യം ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന് ആരോപണം; റെഡ് ലേബൽ ചായപ്പൊടിക്കെതിരെ ബോയ്കോട്ട് ക്യാമ്പയിൻ

ഒരു വർഷം മുൻപ് ചെയ്ത പരസ്യം ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നാരോപിച്ച് റെഡ് ലേബൽ ചായപ്പൊടിക്കെതിരെ ബോയ്ക്കോട്ട് ക്യാമ്പയിൻ. ഒരു വര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി ചെയ്ത പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. പരസ്യം ഹിന്ദുക്കളെയും മതത്തെയും അപമാനിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിലാണ് ക്യാമ്പയിൻ നടക്കുന്നത്.
ബോയ്കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. ഹിന്ദുക്കളെ ആരും പഠിപ്പിക്കാന്‍ വരേണ്ട, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് ശേഷിക്കുന്നവര്‍ സമാധാനത്തോടെ കഴിയുന്നത്, ഇനിയൊരിക്കലും റെഡ് ലേബല്‍ ഉപയോഗിക്കരുത് തുടങ്ങിയ അടിക്കുറിപ്പോടെയാണ് ക്യാമ്പയിൻ. ചായപ്പൊടിയുടെ പാക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഒരാള്‍ ഗണപതി വിഗ്രഹം വാങ്ങാന്‍ കടയിലെത്തുന്നതാണ് വിവാദത്തിലായ പരസ്യത്തിന്റെ പ്രമേയം. കടക്കാരനോട് സംസാരിക്കുന്നതിനിടെ ബാങ്ക് വിളി മുഴങ്ങുകയും കടയുടമ വെള്ളത്തൊപ്പി ധരിക്കുകയും ചെയ്യുന്നു. ഗണേശരൂപം തയ്യാറാക്കുന്നത് മുസ്ലീമാണെന്ന് മനസിലായ കസ്റ്റമര്‍ ഞെട്ടുന്നു. ഗണപതി വിഗ്രഹം വാങ്ങാതെ പോകാന്‍ തുനിയുന്ന കസ്റ്റമര്‍ക്ക് ഉടമ ഒരു ചായ നല്കുന്നു. ഇരുവരും ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ ഇതും ഒരു ആരാധനയാണെന്ന് ഇസ്ലാം മതവിശ്വാസിയായ കടയുടമ പറയുന്നു. തുടര്‍ന്ന് കസ്റ്റമര്‍ ഗണേശ രൂപം വാങ്ങാന്‍ തയ്യാറാകുന്നു. ഇതാണ് പരസ്യത്തിലുള്ളത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here