തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; ഏക ദൃക്‌സാക്ഷിയായ സഹോദരനെ സ്വാധീനിക്കാൻ നീക്കം

തൊടുപുഴയിൽ ഏഴ് വയസുകാരൻ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. കേസിലെ പ്രധാന സാക്ഷിയും കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനുമായ നാല് വയസുകാരനെ സ്വാധീനിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പുതിയ വാർത്ത. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതൃ മാതാവ് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് നിവേദനം സമർപ്പിച്ചു.
നിലവിൽ തിരുവനന്തപുരത്ത് പിതാവിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ ഓണാവധിക്ക് അഞ്ച് ദിവസത്തേക്ക് തങ്ങളുടെ സംരക്ഷണത്തിൽ വിട്ടു കിട്ടണമെന്ന ആവശ്യവുമായി മാതാവിന്റെ അമ്മ രംഗത്തുണ്ട്. ഇത് കേസിലെ ഏക സാക്ഷിയായ നാല് വയസുകാരനെ സ്വാധീനിക്കാനുള്ള നീക്കമാണെന്നാണ് പിതൃ മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഓണാവധി കഴിഞ്ഞാലുടൻ കേസിന്റെ വിചാരണ ആരംഭിക്കും. ഇതിനിടെയാണ് ഓണാവധിക്ക് ഒരുമിച്ച് താമസിപ്പിക്കണമെന്ന ആവശ്യവുമായി മാതാവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സാക്ഷിയേയും പ്രതിയേയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന വ്യവസ്ഥയുണ്ടെന്നും കുട്ടിയെ മാതാവിന്റെ ബന്ധുവിന് കൈമാറുകയാണെങ്കിൽ അത് കേസന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Read more:തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ
അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിന് നാല് വയസുകാരനായ കുട്ടിയും ഇരയായിരുന്നു. കടുത്ത ശാരീരിക മാനസിക പീഡനങ്ങളായിരുന്നു കുഞ്ഞ് ഏറ്റുവാങ്ങിയത്. സഹോദരൻ മരിച്ചതിന്റെ ആഘാതത്തിൽ നിന്നുൾപ്പെടെ നാല് വയസുകാരൻ മോചിതനായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് കുട്ടിയുടെ സംരക്ഷണം ചൂണ്ടിക്കാട്ടി പ്രതിയായ അമ്മയും കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം കുടുംബ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കുട്ടിയുടെ സംരക്ഷാവകാശം പിതാവിന്റെ കുടുംബാംഗങ്ങൾക്കാണ്. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് കുട്ടിയുടെ പിതാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കുട്ടിയെ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് അച്ഛന്റെ കുടുംബാംഗങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here