പിഎസ്‌സി ക്രമക്കേട്; അഞ്ചാം പ്രതി ഗോകുലിന്റെ ബന്ധു വീട്ടിൽ നിന്നും സിംകാർഡ് കണ്ടെത്തി

പിഎസ്‌സി ക്രമക്കേട് കേസിൽ അഞ്ചാം പ്രതി ഗോകുലിന്റെ ബന്ധു വീട്ടിൽ നിന്നും സിംകാർഡ് കണ്ടെത്തി. മറ്റു പ്രതികളുമായി ഗോകുൽ ബന്ധപ്പെട്ടത് ഈ സിം ഉപയോഗിച്ചെന്നാണ് സൂചന. സിംകാർഡ് ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. തട്ടിപ്പിന്റെ ഗൂഡാലോചന നടന്നത് യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ചെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
അതേ സമയം, കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കേസിലെ അഞ്ചാം പ്രതി ഗോകുലിന്റെ കല്ലറയിലെ വീട്ടിലും, ബന്ധുവീട്ടിലുമെത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഗോകുലിന്റെ ബന്ധു വീട്ടിൽ നിന്നാണ് കേസിൽ നിർണായകമെന്നു കരുതുന്ന സിംകാർഡ് കണ്ടെത്തിയത്. മറ്റു പ്രതികളുമായി ഗോകുൽ ബന്ധപ്പെട്ടത് ഈ സിം ഉപയോഗിച്ചെന്നാണ് സൂചന. സ്ഥിരീകരണത്തിനായി സിംകാർഡ് ശാസ്ത്രീയ പരിശോധനക്കയക്കും.
എന്നാൽ, തെളിവെടുപ്പിൽ തട്ടിപ്പിന് ഉപയോഗിച്ച ഗോകുലിന്റെ ഫോൺ കണ്ടെത്താനായില്ല. ശിവരഞ്ജിത്തിനും, നസീമിനും, പ്രണവിനും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരങ്ങൾ അയച്ച് നൽകിയത് യൂണിവേഴ്‌സിറ്റി കോളജിന് പരിസരത്ത് നിന്നാണെന്നു ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെ തട്ടിപ്പിന്റെ ഗൂഢാലോചന യൂണിവേഴ്സ്സിറ്റി കോളേജ് കേന്ദ്രീകരിച്ചായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേ സമയം കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട അഞ്ചു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here