കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാന സർക്കാരിനെയും കൊച്ചി കോർപറേഷനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കൊച്ചിയിലെ റോഡുകൾ ഗതാഗത യോഗ്യമാണോയെന്നും നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്നും ചൂണ്ടിക്കാട്ടി സർക്കാരിനും കോർപറേഷനും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡുകളിൽ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ദിനം പ്രതി നിരവധി അപകടങ്ങൾ പതിവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിഷയത്തിൽ സ്വമേധയാ കേസെടുത്ത് നടപടികളാരംഭിച്ചത്.
കൊച്ചി നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ ഹൈക്കോടതി പ്രത്യേകം എടുത്തു പറഞ്ഞു. കലൂർ-കടവന്ത്ര റോഡ്, തമ്മനം-പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില-കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ. നിലവിൽ ഈ റോഡുകളുടെയെല്ലാം അവസ്ഥ പരിതാപകരമാണന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസിൽ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൊച്ചിൻ കോർപറേഷനും നോട്ടീസയക്കാനും ഉത്തരവിടുകയായിരുന്നു.
Read Also; സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്നാരോപിച്ച് രണ്ടാഴ്ച മുമ്പ് കൊച്ചി മേയർ സൗമിനി ജെയ്നിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് ചീഫ് എഞ്ചിനീയറെ ഉപരോധിച്ചിരുന്നു. കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് കാരണം വാട്ടർ അതോറിറ്റിയാണെന്നാണ് കൊച്ചി കോർപറേഷന്റെ വാദം. റോഡുകളിൽ നിശ്ചയിച്ച കാലപരിധി കഴിഞ്ഞിട്ടും വാട്ടർ പൈപ്പ് കണക്ഷനുകൾ നൽകുന്ന ജോലികൾ വാട്ടർ അതോറിറ്റി പൂർത്തിയാക്കിയില്ലെന്നും അതോറിറ്റി വെട്ടിപ്പൊളിച്ചവയടക്കമുള്ള റോഡുകളിൽ ഇക്കാരണത്താൽ ടാറിങ് നടത്താൻ കഴിയുന്നില്ലെന്നും മേയർ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here