ഹർഭജന്റെ ഹാട്രിക്ക് സമയത്ത് ഡിആർഎസ് ഇല്ലായിരുന്നെന്ന് ഗിൽക്രിസ്റ്റ്; കരച്ചിൽ നിർത്താൻ ഹർഭജൻ: ട്വിറ്ററിൽ വാക്പോര്

മുൻ ഓസീസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും തമ്മിൽ ട്വിറ്ററിൽ വാക്പോര്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഹാട്രിക്ക് നേടിയപ്പോൾ പ്രചരിച്ച ചെയ്ത ഒരു ട്വീറ്റാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ട്വീറ്റിനെ കളിയാക്കി ഗിൽക്രിസ്റ്റ് രംഗത്തു വന്നു. ഏറെ വൈകാതെ ഹർഭജൻ അതേ നാണയത്തിൽ തിരിച്ചടി നൽകുകയും ചെയ്തു.

ബുംറയുടെ ഹാട്രിക്ക് പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഹർഭജൻ സിംഗ് ഹാട്രിക്ക് നേടുന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിച്ചു. ഏതോ ഒരു ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് ട്വിറ്ററിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. തുടർന്ന് ഗിൽക്രിസ്റ്റ് ആ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ‘ഡിആർഎസ് ഇല്ലെ’ന്ന അടിക്കുറിപ്പോടെയായിരുന്നു ഗില്ലിയുടെ ട്വീറ്റ്. ഒപ്പം കരയുന്ന ഇമോജിയും. ഹര്‍ഭജന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയ താന്‍ ശരിക്കും ഔട്ടല്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സത്യം തന്നെയാണ്. ഗിൽക്രിസ്റ്റിന്റെ പാഡിൽ തട്ടുന്നതിനു മുൻപ് പന്ത് ബാറ്റിൽ സ്പർശിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

എന്നാൽ ട്വീറ്റ് ഭാജിയെ ചൊടിപ്പിച്ചു. ഗില്ലിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ രംഗത്തെത്തി. ‘ആദ്യ പന്തില്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ കുറച്ചു നേരം ക്രീസില്‍ നില്‍ക്കാമായിരുന്നു എന്നാണോ കരുതിയത്. ഇതേ കുറിച്ചെല്ലാം എണ്ണിപ്പറഞ്ഞ് കരയുന്നത് അവസാനിപ്പിക്കു സുഹൃത്തെ….കളിയില്‍ നിന്നു വിരമിച്ച ശേഷമെങ്കിലും അല്പം ഔചിത്യത്തോടെ നിങ്ങള്‍ സംസാരിക്കുമെന്നാണ് കരുതിയത്. ചില കാര്യങ്ങള്‍ അങ്ങനെയാണ്. ഒരു മാറ്റവും സംഭവിക്കില്ല. അതിന്റെ ഉദാഹരണമാണ് നിങ്ങള്‍. എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും ‘- ഗിൽക്രിസ്റ്റിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ഹർഭജൻ കുറിച്ചു.

അല്പ സമയത്തിനു ശേഷം ഹർഭജൻ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top