മുസ്ലീംലീഗ് നേതൃയോഗത്തിൽ കടുത്ത വാക്പോര്; ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ലീഗ് എംപിമാരുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ

മുസ്ലീം ലീഗ് നേതൃയോഗത്തിൽ കടുത്ത വാക്പോര്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ലീഗ് എംപിമാരുടെ പ്രകടനം മോശമാണെന്ന് വിമർശനം യോഗത്തിൽ ഉയർന്നു. യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി എംപിയും കെഎം ഷാജിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. എന്നാൽ ലീഗിലെ പ്രശ്നങ്ങൾ കെട്ടിചമച്ച വാർത്തയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കോഴിക്കോട്ട് നടന്ന ലീഗ് ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എം ഷാജി എംഎൽഎയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും വിമർശിച്ചത്. മുത്തലാഖ്, അസം പൗരത്വ പ്രശ്നം, കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ ലീഗ് എംപിമാരുടെ പ്രകടനം നന്നായില്ലെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ , പി.വി അബ്ദുൽ വഹാബ് എന്നിവർ വേണ്ടത്ര ഇടപെടുന്നില്ല എന്ന വിമർശനമാണ് ഇരുവരും ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടിട്ടും വാക്കേറ്റം തുടർന്നു. എന്നാൽ ഇതിനെ നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
പാലാ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിനകത്ത് തുടരുന്ന തർക്കം സമയബന്ധിതമായി പരിഹരിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടെന്നും പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നു. ഇരവിപുരത്ത് നിന്നുള്ള മുൻ എംഎൽഎ യൂനുസ് കുഞ്ഞിനെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി നിയമിച്ചതിനെയും യോഗത്തിൽ ചോദ്യം ചെയ്തു. ദുബായ് കെഎംസിസി ഭിന്നതയും ലീഗ് പ്രവർത്തക സമിതിയിൽ ചർച്ചയായി. പ്രശ്നം പരിഹരിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടിയെയും സാദിഖലി ശിഹാബ് തങ്ങളെയും നിയോഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here