പാലായിലെ യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂക്കിവിളിച്ച് പ്രവർത്തകരുടെ പ്രതിഷേധം

പാലായിൽ യുഡിഎഫ് കൺവെൻഷനിടെ പി.ജെ ജോസഫിനെ കൂക്കിവിളിച്ച് ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കൺവെൻഷനിൽ രമേശ് ചെന്നിത്തല പി.ജെ ജോസഫിന്റെ പേര് പറഞ്ഞപ്പോഴാണ് സദസ്സിൽ നിന്ന് പ്രവർത്തകർ കൂക്കി വിളിച്ചത്. ജോസ് കെ മാണിയുടെ പേര് പറഞ്ഞപ്പോഴാകട്ടെ പ്രവർത്തകർ കയ്യടിക്കുകയും ചെയ്തു.
Read Also; പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല; പാർട്ടി ചിഹ്നം നൽകില്ലെന്നും പി.ജെ ജോസഫ്
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന വിവരമറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കൺവെൻഷനിൽ ജോസഫിനെതിരെ പ്രതിഷേധമുയർന്നത്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാനാവില്ലെന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാമെന്നും വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്
പി.ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ജോസ് ടോമിന് പാർട്ടി ചിഹ്നം നൽകാത്തത് നൂറ് ശതമാനം ശരിയായ നടപടിയാണെന്ന് പി.ജെ ജോസഫ് പ്രതികരിക്കുകയും ചെയ്തിരുന്നു. അതേ സമയം ചിഹ്നം തനിക്ക് പ്രശ്‌നമല്ലെന്നും ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്നും ജോസ് ടോം പറഞ്ഞു. ചിഹ്നം കിട്ടാത്തത് സാങ്കേതികമായ പ്രശ്‌നം മാത്രമാണ്. താൻ യുഡിഎഫ് സ്ഥാനാർത്ഥിയാണ്. തന്റെ ചിഹ്നം മാണി സാറിന്റെ മുഖമാണെന്നും ജോസ് ടോം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here