പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല; പാർട്ടി ചിഹ്നം നൽകില്ലെന്നും പി.ജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന് പി ജെ ജോസഫ്. നാമനിർദേശ പത്രികയിൽ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കിയ ജോസഫ് ചിഹ്നം വേണ്ടെന്നു പറഞ്ഞയാൾക്ക് എന്തിനു പാർട്ടി ചിഹ്നം നൽകണമെന്നും ചോദിച്ചു. ഇപ്പോഴത്തെ സ്ഥാനാർത്ഥി തന്നെ ചെയർമാനായി അംഗീകരിച്ചിട്ടില്ല. ചിഹ്നത്തെ കുറിച്ച് ഇനി ചർച്ചയുടെ ആവശ്യമില്ല. പാർട്ടി ചിഹ്നം വേണ്ടെന്നും കെ.എം മാണിയാണ് ചിഹ്നമെന്നും സ്ഥാനാർത്ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല. ജോസ് ടോം യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണ്. ജോസ് കെ മാണിക്ക് ചെയർമാനെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ അധികാരമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഈ മാസം അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. എന്നാൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയ സാധ്യതയെ സംബന്ധിച്ച് വ്യക്തമായ മറുപടി ജോസഫ് നൽകിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here