Advertisement

റാഷിദിന് നാലു വിക്കറ്റ്; ബംഗ്ലാദേശ് ഫോളോ ഓൺ ഭീഷണിയിൽ

September 6, 2019
Google News 0 minutes Read

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് ഫോളോ ഓൺ ഭീഷണിയിൽ. അഫ്ഗാനിസ്ഥാൻ്റെ 342 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആറു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. നാലു വിക്കറ്റെടുത്ത ക്യാപ്റ്റൻ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ തകർത്തത്.

ഒന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാൻ 342 റൺസിന് എല്ലാവരും പുറത്തായി. അസ്ഗർ അഫ്ഗാനും അഫ്സർ സസായും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിന് ഇന്ന് ഏറെ ആയുസുണ്ടായില്ല. ഇന്നലത്തെ സ്കോറിനോട് ഏഴു റൺസ് മാത്രം കൂട്ടിച്ചേർക്കാനേ അവർക്കായുള്ളൂ. 81 റൺസ് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അസ്ഗർ അഫ്ഗാൻ (92) തൈജുൽ ഇസ്ലാമിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏറെ വൈകാതെ അഫ്സർ സസായും (41) തൈജുൽ ഇസ്ലാമിനു മുന്നിൽ കീഴടങ്ങി.

ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ റാഷിദ് ഖാൻ നടത്തിയ പോരാട്ടമാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഖയിസ് അഹ്മദ് (9), യാമിൻ അഹ്മദ്സായ് (0) എന്നിവർ വേഗം പുറത്തായെങ്കിലും കൂറ്റൻ ഷോട്ടുകളിലൂടെ റാഷിദ് സ്കോർ ഉയർത്തി. 51 റൺസെടുത്ത റാഷിദിനെ മെഹദി ഹസൻ സ്വന്തം ബോളിംഗിൽ പിടിച്ചു പുറത്താക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഷദ്മൻ ഇസ്ലാമി (0)നെ പുറത്താക്കി യാമിൻ അഹ്മദ്സായ് ആണ് വിക്കറ്റ് വേട്ടക്കു തുടക്കമിട്ടത്. സൗമ്യ സർക്കാറിനെ (17) പുറത്താക്കിയ മുഹമ്മദ് നബി തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. ലിറ്റൻ ദാസ് (33), ഷാക്കിബ് അൽ ഹസൻ (11), മുഷ്ഫിക്കർ റഹിം (0), മഹ്മുദുല്ല (7) എന്നിവരെ പുറത്താക്കിയ റാഷിദ് ഖാൻ ബംഗ്ലാ മധ്യനിരയെ ചുരുട്ടിക്കെട്ടി.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിലാണ്. മോമിനുൽ ഹഖ് (34), മൊസദ്ദെക് ഹുസൈൻ (0) എന്നിവരാണ് ക്രീസിൽ. ഫോളോ ഓൺ ഒഴിവാക്കാൻ ഇനി 38 റൺസ് കൂടി ബംഗ്ലാദേശിനു വേണം. ആകെ 238 റൺസ് പിന്നിലാണ് ബംഗ്ലാദേശ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here