ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ പരാതി ഗവർണർ തള്ളി. ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജർ നിയമനത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നൽകിയ പരാതിയാണ് ഗവർണർ തള്ളിയത്. പരാതിയിൽ കഴമ്പില്ലെന്നാണ് ഗവർണറുടെ കണ്ടെത്തൽ. മന്ത്രി കെ.ടി ജലീൽ വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്ന വസ്തുതാപരമായ തെളിവുകളില്ലെന്നും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്താനാകില്ലെന്നും ഗവർണറായിരുന്ന പി.സദാശിവം അറിയിച്ചു.

Read Also; മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതം; ഹൈക്കോടതി

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജറായി ചട്ടങ്ങൾ മറികടന്ന് ബന്ധുവിനെ നിയമിച്ചുവെന്നായിരുന്നു കെ.ടി ജലീലിനെതിരായ പി.കെ ഫിറോസിന്റെ പരാതി. മന്ത്രിയുടെ നടപടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫിറോസ് ഗവർണറെ സമീപിച്ചത്. എന്നാൽ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകൾ ഉൾപ്പെടുത്താനാവില്ലെന്നാണ് പി.കെ.ഫിറോസിന് നൽകിയ മറുപടിയിൽ ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also; ബന്ധുനിയമന വിവാദം; മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവെച്ചു

ഇതേ വിഷയത്തിൽ ഹൈക്കോടതി സ്വീകരിച്ച നിലപാടും ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമില്ല. പരാതി സത്യസന്ധമല്ലെന്നും ഗവർണർ നിരീക്ഷിച്ചു. ഹൈക്കോടതിയിൽ കേസ് ഉള്ള കാര്യം മറച്ചു വച്ച്‌ പരാതി നൽകിയതിലുള്ള അതൃപ്തിയും ഗവർണർ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാൻ കഴിയില്ലെന്ന് നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ജലിലീനെതിരായ ഹർജി ഫിറോസ് പിൻവലിക്കുകയും ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More