Advertisement

ഫുട്ബോൾ കാണാൻ സ്റ്റേഡിയത്തിലെത്തിയതിന് അറസ്റ്റ്; ഇറാൻ യുവതി കോടതിക്കു മുന്നിൽ സ്വയം തീക്കൊളുത്തി

September 6, 2019
Google News 1 minute Read

ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി അറസ്റ്റിലായ യുവതി സ്വയം തീക്കൊളുത്തി. ഇറാനിയന്‍ ക്ലബായ ഇസ്‌റ്റെഗ്ലാല്‍ എഫ്‌സിയുടെ ആരാധികയായ 29കാരിയാണ് കോടതിക്കു പുറത്ത് ആത്മഹത്യാശ്രമം നടത്തിയത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. സഹര്‍ എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് യുവതിയെ കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്.

ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ ചെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ നിന്ന് വിലക്കുന്നത് ഫിഫ നിയമത്തിന്റെ ലംഘനമായിട്ടു പോലും ഇറാനില്‍ സ്ത്രീകള്‍ ഈ വിലക്ക് നേരിട്ടു പോരുന്നുണ്ട്. അതേസമയം ആരാധികയുടെ ആത്മഹത്യാ ശ്രമം വലിയ പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ ഫിഫ നടപടിയെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here