ഒരു കാപ്പിക്കും ചായക്കും കൂടി വില 78,650 രൂപ; ബില്ലിൽ പരാതിയില്ലെന്ന് നടൻ

ഒരു കാപ്പിക്കും ചായക്കും കൂടി ഹോട്ടല്‍ ഈടാക്കിയ ബില്‍ തുകയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 78,650 രൂപയാണ് ഒരു കപ്പിച്ചിനോയ്ക്കും ചായക്കും കൂടി ഹോട്ടൽ ഈടാക്കിയത്. എന്നാൽ സംഭവം നടന്നത് ഇന്ത്യയിലല്ല, ഇൻഡോനേഷ്യയിലെ ബാലിയിലാണ്. ഒപ്പം ഇത്ര കനത്ത തുക അടക്കേണ്ടി വന്ന ഹാസ്യ താരം കിക്കു ശർദയ്ക്ക് ബില്ലിൽ പരാതിയുമില്ല.

കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ് ഒരു ഹോട്ടല്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഒരു കാപ്പിച്ചീനോക്കും ചായക്കും കൂടി വില 78,650. സംഭവം കണ്ടവർ ആദ്യമൊന്നു ഞെട്ടിയെങ്കിലും കിക്കുവിൻ്റെ ട്വീറ്റ് വായിച്ചതോടെ കാര്യം മനസ്സിലായി.

78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണത്. രൂപ എന്ന് തന്നെയാണ് ഇൻഡോനേഷ്യൻ കറൻസിയുടെ പേര്.  ഒരു ഇന്ത്യൻ രൂപ ഇൻഡോനേഷ്യയിൽ ഏകദേശം 197 രൂപയാണ്. അതായത് 78650 ഇൻഡോനേഷ്യൻ രൂപ എന്നാൽ ഏകദേശം 400 ഇന്ത്യൻ രൂപ.

‘ഒരു കാപ്പിച്ചീനോക്കും കാപ്പിക്കും കൂടി വില 78,650. പക്ഷേ എനിക്ക് പരാതിയൊന്നുമില്ല. കാരണം ഞാന്‍ ബാലിയിലാണുള്ളത്. ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണിത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് ഇതിന്റെ വില’- കിക്കു ട്വീറ്റ് ചെയ്തു.

മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ രാഹുല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഛണ്ഡ‍ീഗഡിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. പിന്നാലെ മുംബൈയിലെ മാരിയറ്റ് ഹോട്ടല്‍ രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ ഈടാക്കിയതും വലിയ വാര്‍ത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top