അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങൾ; കമൽ ഹാസന്റെ ജീവിതം ഉൾക്കൊള്ളിച്ച് സമ്പൂർണ വെബ്‌സൈറ്റ്

അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. നടനായും സംവിധായകനായും നിർമാതാവായും ഗായകനായും രാഷ്ട്രീയ നേതാവായും അദ്ദേഹം തിളങ്ങി. കമൽ ഹാസന്റെ ജീവിതം ഉൾക്കൊള്ളിച്ച വെബ്‌സൈറ്റിന് രൂപം നൽകിയിരിക്കുകയാണ് ആരാധകർ. ക്ലിക്ക് ഇവന്റ്‌സ് ഇൻഫോ സലൂഷൻസ് തയ്യാറാക്കിയ സൈറ്റ് തമിഴ് താരം സൂര്യ ട്വിറ്ററിലൂടെ പ്രകാശനം ചെയ്തു.

കമൽ ഹാസന്റെ സമ്പൂർണ ജീവിതം ഉൾക്കൊള്ളിച്ചുള്ളതാണ് വെബ്‌സൈറ്റ്. നടന്റെ അപൂർവ ഫോട്ടോ ഗ്രാഫുകൾ, വീഡിയോ, സിനിമാ ചരിത്രം, പോസ്റ്ററുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ ikamalhaasan.com വെബ്‌സൈറ്റ് ആരാധകരുടെ സ്‌നേഹസമ്മാനമാണ്.

1954 നവംബർ ഏഴിനാണ് കമൽ ഹാസന്റെ ജനനം. 1960ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെയാണ് കമൽ ഹാസന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡ് അദ്ദേഹം നേടിയിരുന്നു. തമിഴിന് പുറമെ, ഹിന്ദി, മലയാളം ചിത്രങ്ങളിലും കമൽ ഹാസൻ തന്റേതായ ഇടം കണ്ടെത്തി.

നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയർ പുരസ്‌കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് കമൽ ഹാസൻ അർഹനായി. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിന് വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമാതാക്കൾ. 1990ൽ ഇന്ത്യൻ സിനിമാ ലോകത്തിന് കമൽ ഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ സിനിമയിൽ 60 വർഷം പൂർത്തിയാക്കുന്ന അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ് കമൽ ഹാസൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top