‘വിശപ്പിന്റെ വില എന്തെന്ന് നന്നായി അറിയുന്ന കൊണ്ട് നിങ്ങൾ അയാളുടെ മുന്നിൽ എത്തപ്പെട്ടാൽ എത്ര ചീത്ത പറഞ്ഞാലും അവസാനം ചോദിക്കും വല്ലോം കഴിച്ചോടാ എന്ന്’; മമ്മൂട്ടി എന്ന പച്ച മനുഷ്യനെ വരച്ചുകാട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിന്റെ മെഗാസ്റ്റാർ, തെന്നിന്ത്യയിൽ വരെ മലയാളത്തിന്റെ യശസ്സുയർത്തിയ പ്രതിഭ,
മമ്മൂട്ടിയുടെ 68 ആം പിറന്നാളാണ് ഇന്ന്. താരത്തിനുള്ള ആശംസകളാൽ സോഷ്യൽ മീഡിയ നിറയുമ്പോൾ ഇതിൽ നിന്നും വേറിട്ട് നിൽക്കുകയാണ് മമ്മൂട്ടി എന്ന പച്ച മനുഷ്യനെ വരച്ചുകാട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുടെ തന്നെ നാട്ടുകാരനായ മസ്ഹർഷയാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.

വൈക്കത്തിന് അടുത്തുള്ള ചെമ്പിലാണ് മമ്മൂട്ടി ജനിച്ചു വളർന്നത്. എന്നാൽ എത്ര ഉയരത്തിൽ എത്തിയിട്ടും ആ നാട് മമ്മൂട്ടിയോട് നന്ദികേടാണ് കാണിച്ചതെന്നാണ് ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മസ്ഹർഷ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം : അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി; വീഡിയോ

മമ്മൂട്ടി എന്ന മനുഷ്യനെ ഓര്‍ക്കുമ്പോ എനിക്ക് വ്യക്തിപരമായി അത്ര സുഖമുള്ള ഓര്‍മയല്ല ഉള്ളത് . ചെമ്പിലെ മനുഷ്യര്‍ ഒരുകാലത്ത് എന്നെ പറ്റി പറഞ്ഞിരുന്നത് ഇനി സെന്റ് തോമസ് പള്ളിയിലെ കുന്തം പിടിച്ചു നില്‍ക്കുന്ന ഗീവറുഗീസ് മാത്രേ എന്നെ ചീത്ത പറയാന്‍ ഉള്ളൂ എന്നാണ് . മമ്മൂട്ടിയുടെ വായില്‍ നിന്നും കേള്‍ക്കാനുള്ളത് മാന്യമായി കേട്ട് വയര്‍ നിറഞ്ഞിരുന്നു . എങ്കിലും , എത്ര ദേഷ്യം കാണിക്കുമ്പോഴും അയാളുടെ ഉള്ളിലെ സ്‌നേഹവും കരുണയും അനുഭവേദ്യമായിട്ടുണ്ട് . വളരെ ദേഷ്യത്തോടെ ആണെന്ന് നമുക്ക് തോന്നുന്ന വിധത്തില്‍ ആയിരിക്കും വിശേഷം തിരക്കുന്നത് . അത് കേള്‍ക്കുമ്പോ എടുത്ത് തോട്ടില്‍ കളയാന്‍ തോന്നും . എന്നാലും ആദ്യ പകപ്പിന് ശേഷം നമുക്ക് മനസ്സിലാവും ആ മധുരം . ഭീഷണിപ്പെടുത്തി ഭക്ഷണം കഴിപ്പിച്ച് വിട്ടിട്ടുണ്ട് എന്നെ .

ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലെ ഇച്ചുമ്മ താത്ത മരിച്ചു . ഞങ്ങളുടെ ബന്ധു ആയിരുന്നു . ഒറ്റക്കായിരുന്നു താമസം . മമ്മൂട്ടി അവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് . ചെറുപ്പത്തില്‍ . വാപ്പ പറഞ്ഞു കേട്ടിട്ടുണ്ട് . മമ്മൂട്ടിയുടേയും വാപ്പയുടെയും ഏറ്റവും വലിയ പ്രതിസന്ധി ഒടുങ്ങാത്ത വിശപ്പ് ആയിരുന്നെന്ന് . വീട്ടിലൊരു ചെമ്മീന്‍ പുളി മരം ഉണ്ടായിരുന്നു . അതിന്റെ ചുവട്ടിലെ കയറു കട്ടിലില്‍ ആയിരുന്നു രണ്ടാളും താമസിച്ചിരുന്നത് . ഉമ്മുമ്മ മരിച്ചതിന് ശേഷം ആണ് എപ്പഴോ ആ കട്ടില്‍ നശിച്ചു പോയത് . പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നു അതിന് . ആഡംബരം ഒന്നുമുണ്ടായിരുന്നില്ല . ചൂടി കട്ടിലില്‍ നിന്ന് അല്‍പ്പം മെച്ചമായിരുന്നു എന്നുമാത്രം . മമ്മൂട്ടി എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ കേറി ഭക്ഷണം കഴിക്കും . അതാര്‍ക്കെങ്കിലും ഇഷ്ടമായോ ഇല്ലേ എന്നൊന്നും നോട്ടമുണ്ടായിരുന്നില്ല . നേരെ അടുക്കള വാതില്‍ വഴി അകത്തേക്ക് കയറും .ഉണ്ടാക്കി വച്ചിട്ടുള്ള ഭക്ഷണം നേരെ ഒരു പാത്രം എടുത്ത് അതിലേക്ക് കുടഞ്ഞിട്ടു കഴിക്കും . ഇച്ചുമ്മ താത്തയുടെ വീട്ടിലും മമ്മൂട്ടി അങ്ങനെ എത്തിയിരുന്നു . ആ ഇച്ചുമ്മ താത്ത ആണ് മരിച്ചത് . നാട്ടുകാര്‍ മയ്യിത്ത് കിടത്താന്‍ കട്ടിലില്‍ നിന്ന് ബെഡ് നീക്കി . കിടക്കക്കടിയില്‍ നിന്ന് ധാരാളം മണിയോര്‍ഡര്‍ സ്ലിപ്പുകള്‍ താഴേക്ക് പാറി വീണു . സുലൂത്ത മാസാമാസം ജീവിത സായന്തനത്തില്‍ ഒറ്റക്കായി പോയ ഇച്ചുമ്മാതാത്ത യുടെ പേരില്‍ കാശ് അയച്ചുകൊണ്ടിരുന്നു . ഒരു ഇച്ചുമ്മ അല്ല ചെമ്പില്‍ ആരും അറിയാതെ മമ്മൂട്ടിയുടെ കൈ നീട്ടം തേടി എത്തുന്ന ധാരാളം മനുഷ്യര്‍ ഉണ്ട് . താന്‍ കഴിച്ച ഒരു ഉരുള ചോറ് പോലും നന്ദിയോടെ ഓര്‍ക്കുന്ന മനുഷ്യന്‍ .അയാളുടെ ജീവിത കഥ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം . അതില്‍ ഏറ്റവും കൂടുതല്‍ പറയുന്നത് അയാള്‍ കഴിച്ച ഭക്ഷണത്തെ കുറിച്ചാണ് . വിശപ്പിന്റെ വില എന്തെന്ന് നന്നായി അറിയുന്ന കൊണ്ട് നിങ്ങള്‍ അയാളുടെ മുന്നില്‍ എത്തപ്പെട്ടാല്‍ എത്ര ചീത്ത പറഞ്ഞാലും അവസാനം ചോദിക്കും വല്ലോം കഴിച്ചോടാ എന്ന് . ഒരിക്കല്‍ പോക്കിരി രാജയുടെ ഷൂട്ടിങ്ങ് ആലപ്പുഴ മുഹമ്മയില്‍ നടക്കുന്നു . രാവിലെ ഷൂട്ടിങ്ങ്‌നായി വെടി ചില്ല് പോലെ ചെമ്പിലൂടെ പാഞ്ഞു പോയ അയാളുടെ ലാന്‍ഡ് ക്രൂസര്‍ കുറച്ചു ദൂരം മുന്നിലേക്ക് പോയി സഡന്‍ ബ്രെക്കിട്ട് നിന്നു . അവിടുന്ന് അത് അതേ സ്പീഡില്‍ പിന്നിലേക്ക് വന്നു . എന്റെ മൂത്താപ്പ ആ സമയം ചെമ്പിലേക്ക് വീട്ടില്‍ നിന്നുള്ള വഴി നടന്ന് വന്നതായിരുന്നു . ആ പോക്കിലും അയാളുടെ കണ്ണില്‍ മൂത്താപ്പ പെട്ടു . അതാണ് തിരിച്ചു വന്നത് . വര്‍ത്തമാനം പറയുന്നതിനിടയില്‍ മമ്മൂട്ടിയുടെ ഒരു കളിക്കൂട്ടുകാരന്‍ ക്യാന്‍സര്‍ ബാധിച്ചു കിടപ്പിലാണെന്നും അയാള്‍ക്ക് മമ്മൂട്ടിയെ ഒന്ന് കാണണം എന്നാഗ്രമുണ്ട് എന്നും പറയുന്നു ..ഇക്കാര്യം പറയാനായി നിന്നെയൊന്ന് വിളിക്കാന്‍ ഇരിക്കുവായിരുന്നു എന്നദ്ദേഹം പറയുന്നു . നോക്കട്ടെ ഞാന്‍ വിളിച്ചോളാം എന്നു പറഞ്ഞു നമ്പര്‍ വാങ്ങി പോകുന്നു . അന്ന് രാത്രി ഒന്നര മണിക്ക് ഷൂട്ട് കഴിഞ്ഞു മടങ്ങും വഴി അയാളുടെ വീട്ടു വാതില്‍ക്കല്‍ മമ്മൂട്ടി മുട്ടി വിളിച്ചു . കണ്ടു.

മമ്മൂട്ടി എന്ന മഹാ നടനെ എനിക്ക് വിലയിരുത്താന്‍ അറിയില്ല . പക്ഷെ മമ്മൂട്ടി എന്ന മനുഷ്യനെ വിലയിരുത്താന്‍ എനിക്കാവും . അടുത്ത് നിന്ന് അറിഞ്ഞ ആ സ്‌നേഹം , കരുണ . എന്നെ പലപ്പോഴായി ഓടിച്ചിട്ടുണ്ട് . തെറി വിളിച്ചിട്ടുണ്ട് . എന്നാലും അവസാനം കഴിച്ചോടാ വണ്ടിക്കാശ് ഉണ്ടോടാ എന്നൊക്കെ ചോദിക്കും . അതും തല്ലാന്‍ വരുന്ന പോലെയായിരിക്കും . പക്ഷെ മറ്റു മനുഷ്യരോട് അയാള്‍ കാണിച്ചിട്ടുള്ള സ്‌നേഹം . അത് കാണാതെ പോകുന്നത് എങ്ങനെ ?കേരളത്തില്‍ ഇന്ന് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പാലിയേറ്റിവ് സെന്ററുകളുടെ ആദ്യ പേട്രന്‍ മമ്മൂട്ടി ആണ് എന്നെല്ലാവര്‍ക്കും അറിയാം . അദ്ദേഹം പഠിക്കാനും ജോലി തേടാനും സഹായിച്ചിട്ടുള്ള നൂറ് കണക്കിന് കുട്ടികള്‍ ഉണ്ട് കേരളത്തില്‍ . ഒരു പ്രതിശ്ചായ നിര്മിതിക്കും ആരെയും ഏര്‍പ്പെടുത്താതെ താന്‍ ചെയ്യുന്നത് പരമാവധി ഗോപ്യമായി ചെയ്യുന്ന മനുഷ്യന്‍ .

പക്ഷെചെമ്പ് എന്ന അദ്ദേഹത്തിന്റെ ജന്മ നാട് അയാളോട് നന്ദികേട് ആണ് കാണിച്ചത് . എനിക്കെന്റെ നാടിനോട് ഉള്ള ദേഷ്യം ചെമ്പിലുള്ളവര്‍ പൊട്ട കിണറ്റിലെ തവളകളെ പോലെയാണ് . അവര്‍ മമ്മൂട്ടിയെ കൂക്കി വിളിച്ചിട്ടുണ്ട് . സഹായങ്ങള്‍ കൈ നീട്ടി വാങ്ങിയിട്ട് അല്‍പ്പം കുറഞ്ഞു പോയതിന് മൈക്ക് കെട്ടി തെറി പറഞ്ഞിട്ടുണ്ട് . പല ലോകോത്തര അംഗീകാരങ്ങള്‍ അയാളെ തേടി വന്നെങ്കിലും ഒരിക്കല്‍ ഭരത് അവാര്‍ഡ് വാങ്ങിയ കാലത്ത് അല്ലാതെ അയാളെ ഒന്നാദരിക്കാന്‍ പോലും എന്റെ നാട്ടുകാര്‍ തയ്യാറായില്ല . മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകുന്ന റോഡിനു അയാളുടെ പേര് കൊടുക്കണം എന്നാവശ്യം നഖ ശിഖാന്തം എതിര്‍ത്ത ആളുകള്‍ ആണ് എന്റെ നാട്ടുകാര്‍ . അയാളുടെ വീട് പോലും ഇല്ലാതെ എല്ലാ വേരുകളും അവിടുന്ന് പറിച്ച് മമ്മൂട്ടി പോയത് ആ നാട്ടുകാരുടെ ഗുണം കൊണ്ടാണ് . അസൂയയും കുശുമ്പും കുന്നായ്മയും . ഇപ്പോഴും ഒരു ശരാശരി ബോധ നിലവാരത്തിനും താഴെയാണ് അവരുടെ ബോധ നിലവാരം എന്നും എനിക്ക് തോന്നാറുണ്ട് .

എങ്കിലും പ്രിയ മനുഷ്യനേ … ആയുരാരോഗ്യത്തോടെ ഇനിയും വെളിച്ചമാവുക .നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More