തട്ടിപ്പിന്റെ പുതിയ വഴികൾ; സൂക്ഷിക്കുക!

ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ പല വഴികളും തേടുന്നവരുണ്ട്. ഇരുതലമൂരിയുടേയും നക്ഷത്ര ആമയുടേയും വെള്ളിമൂങ്ങയുടേയുമെല്ലാം പേരിൽ എത്രയോ ചതിക്കഥകൾ കേട്ടിരിക്കുന്നു. എത്ര അനുഭവങ്ങളുണ്ടായാലും അത്യാഗ്രഹത്തിന്റെ പേരിൽ പലരും അത്തരത്തിലുള്ള ചതിക്കുഴികളിൽ വീണ്ടും ചെന്ന് വീഴുകയാണ്. ആലപ്പുഴയിൽ നിന്നുള്ള ചില സംഭവങ്ങൾ അതിന് ഉദാഹരണമാണ്. വീടുപണിയുടെ പേരിൽ തട്ടിപ്പിന് പുതിയ വഴികൾ തേടുന്നവരുമുണ്ട്.

ഐശ്വര്യം കൊണ്ടുവരാൻ ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ നല്ലതായിരിക്കുമെന്നാണ് ചിലർ പറഞ്ഞുപരത്തിയിരിക്കുന്നത്. ഇത് വിശ്വാസത്തിലെടുക്കുന്നവർ കുറവല്ല. ഇരുതലമൂരിയെ വാഗ്ദാനം ചെയ്ത് കവർച്ച നടത്തിയെന്നുള്ള വാർത്തയാണ് ആലപ്പുഴ വള്ളിക്കുന്നത്ത് നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇലിപ്പക്കുളം മങ്ങാനം ജംഗ്ഷനിലാണ് സംഭവം. ആലുവ വാഴക്കുളം സ്വദേശിയായ ഷൈജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര സ്വദേശിയായ ദീപു, കായംകുളം സ്വദേശിയായ അനൂപ്, പെരിങ്ങാല സ്വദേശിയായ സുൾഫിക്കർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുതലമൂരിയെ നൽകാമെന്ന് പറഞ്ഞ് ഷൈജുവിനെ വിളിച്ച് വരുത്തി കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് പണം തട്ടിയെന്നാണ് പരാതി. മർദിച്ച് അവശനാക്കിയ ശേഷം പണംകൊണ്ട് സംഘം കടന്ന് കളയുകയായിരുന്നു. പ്രതികളിലൊരാളായ ദീപുവിന്റെ സുഹൃത്താണ് തട്ടിപ്പിനിരയായ ഷൈജു. സുഹൃത്ത് ബന്ധം മുതലെടുത്താണ് ഇവിടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

വീട് നിർമാണത്തിന്റെ പേരിലുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നതും ആലപ്പുഴയിൽ നിന്ന് തന്നെയാണ്. പുതിയ വീടുകളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. പുതിയ വീട് നിർമിക്കുന്ന സ്ഥലങ്ങൾ തട്ടിപ്പുകാർ കണ്ടുവയ്ക്കും. പ്രദേശവാസികളിൽ നിന്നു വീട്ടുടമയുടെ പേരും മറ്റു വിവരങ്ങളും അന്വേഷിച്ചറിയും. തുടർന്ന് സ്ത്രീകൾ മാത്രമുള്ള സമയത്ത് വീടുകളിലെത്തും. തണ്ണീർമുക്കത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയ തട്ടിപ്പുകാരൻ വീട്ടുടമ പറഞ്ഞിട്ട് ആലുവയിൽ നിന്ന് ഒരു ലോഡ് ഇഷ്ടിക കൊണ്ടുവന്നിട്ടുണ്ടെന്നും ടയർ പഞ്ചറായി ലോറി അടുത്ത ജംങ്ഷനിൽ കിടക്കുകയാണെന്നും വീട്ടമ്മയോട് പറഞ്ഞു. ലോറി വാടക നൽകാൻ തുക വേണമെന്ന് ആവശ്യപ്പെട്ടു. വീടു പണി നടക്കുന്നതിനാൽ കഥ വിശ്വസിച്ച വീട്ടമ്മ പണം നൽകി. പണവും വാങ്ങി തട്ടിപ്പുകാരൻ മുങ്ങിയ ശേഷമാണ് മറ്റുള്ളവർ വിവരമറിഞ്ഞത്.

മറ്റൊരു വീട്ടിലെത്തിയ തട്ടിപ്പുകാരൻ വീടുപണി കഴിഞ്ഞ് മിച്ചം വന്ന 5 പായ്ക്കറ്റ് സിമന്റുമായാണ് കടന്നുകളഞ്ഞത്. ഭർത്താവ് പറഞ്ഞിട്ടാണ് വരുന്നതെന്നും മിച്ചം വന്ന സിമന്റ് തനിക്ക് നൽകാൻ പറഞ്ഞിട്ടുണ്ടെന്നും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം ഭർത്താവിന്റെ കൈയിൽ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് ചാക്ക് കെട്ടുകളുമായി കടന്നു കളയുകയായിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം വീട്ടമ്മ അറിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More