കൊച്ചിയിലെ റോഡുകൾ ശരിയാവാൻ ഒക്ടോബർ വരെ കാത്തിരിക്കണം : മന്ത്രി ജി സുധാകരൻ

കൊച്ചിയിലെ റോഡുകൾ ശരിയാവാൻ ഒക്ടോബർ വരെ കാത്തിരിക്കണമെന്ന് മന്ത്രി ജി സുധാകരൻ. മഴ മാറി നിന്നാൽ മാത്രമേ റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാകൂ എന്ന് മന്ത്രി പറഞ്ഞു. അതേസമയം ടോൾ പിരിവ് നിർത്തുന്നതിനായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും.
കൊച്ചിയിൽ 43 റോഡുകളിലായി 85 കി.മീ റോഡാണ് തകർന്നത്. മഴ മാറി നിന്നെങ്കിൽ മാത്രമേ റോഡുകളുടെ അറ്റുകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനാകൂ എന്നാണ് കൊച്ചിയിൽ മന്ത്രി ജി സുധാകരൻ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. ഒക്ടോബറിൽ പണികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ ഉള്ള റോഡുകളുടെ അറ്റുകുറ്റപണികൾക്കായി 7 കോടി അനുവദിച്ചിട്ടുണ്ട്.
Read Also : കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പിഡബ്ലുഡി എന്ത് പിഴച്ചു? കൈയൊഴിഞ്ഞ് മന്ത്രി ജി സുധാകരൻ
റോഡുകളുടെ ശോച്യാവസ്ഥ രാവിലെ മന്ത്രി നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ നേരെ യാത്രക്കാരുടെ വക പ്രതിഷേധം.
കൊച്ചിയിൽ ഗതാഗത കുരുക്ക് പുതിയ സംഭവമല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ജില്ലാ കലക്ടർക്കും പൊലീസിനുമാണെന്നും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്നുമാണ് മന്ത്രി പറഞ്ഞത്. അതേസമയം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here