കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും. ദേശീയ പൗരത്വ പട്ടികയിൽ നിന്നും 19 ലക്ഷത്തിലധികം പേർ പുറത്തുപോയതിന്റെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് അമിത് ഷാ അസം സന്ദർശിക്കുന്നത്.
നോർത്ത് ഈസ്റ്റേൺ കൗൺസിൽ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയിൽ എത്തുന്നത്. വടക്ക് കിഴക്കൻ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡൽ ഏജൻസിയാണ് നോർത്ത് ഈസ്റ്റേൺ കൗൺസിൽ. എട്ട് സംസ്ഥാനങ്ങളിലെ ഗവർണർമാരും മുഖ്യമന്ത്രിമാരുമാണ് കൗൺസിലിൽ അംഗങ്ങളായുള്ളത്. കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാനങ്ങൾ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും.
ആഗസ്റ്റ് 31 നാണ് അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചത്. 19 ലക്ഷത്തിലധികം ആളുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഇടംനേടി. പട്ടികയ്ക്ക് പുറത്തുപോയവർക്ക് അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റി. അസം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയിൽ നിന്ന് ധാരാളം പേർ പുറത്തായതായി. 2019 ജൂൺ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു ലക്ഷത്തോളം പേർക്ക് പട്ടികയിൽ ഇടം കിട്ടിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here