Advertisement

ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം 19,06,067; എന്താണ് അസം പൗരത്വ രജിസ്റ്റർ ? പുറത്താക്കപ്പെട്ടവരുടെ ഭാവി എന്താകും ? [24 Explainer]

September 1, 2019
Google News 1 minute Read

പതിറ്റാണ്ടുകൾ ജീവിച്ച രാജ്യത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെടുകയാണ് 19,06,067 പേർ ! സ്വന്തം മണ്ണിൽ നിന്ന് രാജ്യം പടിയടച്ച് പിണ്ഡം വയ്ക്കുന്ന ഇവർക്ക് ഇന്ന് മുതൽ സ്വന്തമെന്ന് പറയാൻ ഒരു രാജ്യമോ, പൗരത്വമോ, വിലാസമോ ഇല്ലാതായിത്തീർന്നു.. തങ്ങളുടേതല്ലാത്ത കാരണം കൊണ്ട്, മറ്റാരോ വിധിച്ച വിധിയുടെ ഭാരം തലയിൽ പേറി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഈ ജനത. എൻആർസിയുടെ അന്തിമ പട്ടികയിൽ ഉൾപ്പെടാത്ത ഇവർ ഫോറിൻ ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ നെട്ടോട്ടം ഓടുന്നുണ്ടാകണം.

ഇന്നലെയാണ് അസമിൽ ദേശീയ പൗരത്വ രിജസ്‌ട്രേഷന്റെ (എൻആർസി) അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. എന്താണ് അസം പൗരത്വ രജിസ്റ്റർ ? എന്തിനാണ് അത്തരത്തിലൊരു നടപടി ?

എന്താണ് എൻആർസി ?

എൻആർസി എന്നാൽ ദേശീയ പൗരത്വ രിജസ്‌ട്രേഷൻ അഥവാ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്. അസം സംസ്ഥാനത്തിനായി 1951 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ എൻആർസിയുടെ പ്രത്യേക പരിഷ്‌കരണ നടപടികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം അസം ദേശീയ പൗരത്വ രജിസ്റ്ററുടെ അന്തിമ പട്ടിക ഓഗസ്റ്റ് 31, 2019 ൽ പുറത്ത് വന്നു.

എന്തുകൊണ്ട് അസമിൽ ഇത്തരത്തിലൊരു പട്ടിക ?

1980 കളിൽ ബംഗ്ലദേശ് യുദ്ധത്തിന് ശേഷം നിരവധി പേരാണ് അസമിലേക്ക് കുടിയേറിയത്. ഇത് നിരവധി പ്രതിഷേധങ്ങൾക്കും പ്രശ്‌നങ്ങൾക്കും വഴിവെച്ചു. ഇത് അസം അക്കോർഡിന് വഴിതെളിച്ചു.

ഇന്ത്യൻ ഭരണകൂടവും അസം മൂവ്‌മെന്റിന്റെ നേതാക്കളും തമ്മിൽ ഒപ്പുവെച്ച ധാരണയാണ് അസം അക്കോർഡ്. 1985 ലൽ ഡൽഹിയിൽവച്ചാണ് ഇത് ഒപ്പുവെക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം സ്റ്റുഡന്റ്‌സ്  യൂണിയൻ ആറ് വർഷത്തോളം നടത്തിവന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ വിരാമമായി. അസം അക്കോർഡിന് ശേഷമാണ് അസം മൂവ്‌മെന്റിലെ നേതാക്കൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും അസമിൽ സർക്കാർ രൂപീകരിക്കുന്നതും.

Read Also : അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

അസം അക്കോർഡ് പ്രകാരം ബംഗ്ലദേശ് യുദ്ധത്തിന് ശേഷം അസമിൽ കുടിയേറിയവരെയെല്ലാം അനധികൃത കുടിയേറ്റക്കാരായി മാത്രമേ പരിഗണിക്കുകയുള്ളു. 1971 മാർച്ച് 24 മുതലാണ് ബംഗ്ലദേശ് യുദ്ധം ആരംഭിച്ചത്.

പൗരത്വം നിർണയിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസമിന് പ്രത്യേകതയുണ്ടോ ?

ഉത്തരം അതെ എന്നാണ്. 1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസാം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ.

Read Also : 500 ലേറെ മരണം, 4 ലക്ഷത്തോളം പേർ കുടുങ്ങി കിടക്കുന്നു, എങ്ങും മൃതശരീരങ്ങളും, കരിമരുന്ന് പുകയും; സിറിയയിൽ നടക്കുന്നതെന്ത് ? [24 Explainer]

ഈ നിയമങ്ങളോ വ്യവസ്ഥകളോ ഒന്നും അസമിന് ബാധകമല്ല. അസം അക്കോർഡ് പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം.

എങ്ങനെയാണ് എൻആർസിയിൽ പേര് വരുന്നത് ?

മേൽപ്പറഞ്ഞ കട്ട് ഓഫ് തിയതിക്ക് മുമ്പ് താനോ തന്റെ പൂർവികരോ അസമിൽ ഉണ്ടായിരുന്നു എന്ന് തെിളിയിക്കുന്ന ലെഗസി ഡോക്യുമെന്റ് വഴി മാത്രമാണ് എൻആർസിയിൽ കയറിപ്പറ്റാൻ സാധിക്കുക. ജനന സർട്ടിഫിക്കറ്റ്, 1971 മുമ്പുള്ള എലക്ടറൽ റോൾ, ഭൂ-അവകാശ രേഖകൾ, സ്‌കൂൾ രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, ലൈസൻസുകൾ എന്നിവ ലെഗസി ഡോക്യുമെന്റുകളായി ഉപയോഗിക്കാം.

Read Also : പൗരത്വ പട്ടിക ഡൽഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷൻ

എന്തുകൊണ്ടാണ് നടപടി വിവാദമാകുന്നത് ?

മൂന്ന് പതിറ്റാറ്റാണ്ടായി അസമിൽ വിഷയം പുകയുകയാണ്. 2003 ൽ മാത്രമാണ് അസം എൻആർസിയുമായി ബന്ധപ്പെട്ട നിയമങ്ങൾ നിലവിൽ വരുന്നത്. 2013ൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് രാജ്യ ശ്രദ്ധ ആകർഷ്‌ക്കുന്നത്. ഇത്ര വർഷങ്ങൾ പിന്നിട്ടതുകൊണ്ടുതന്നെ ഒരാളുടെ ലെഗസി തെളിയിക്കുക എന്നത് അത്യന്തം ദുർഘടം പിടിച്ച ഒന്നാണ്. രേഖകളിൽ ഉണ്ടായ ചെറിയ ചില വ്യത്യാസങ്ങൾ കൊണ്ടുപോലും ലക്ഷണക്കണക്കിന് പേർക്കാണ് പൗരത്വം നഷ്ടമായിരിക്കുന്നത്. അടുത്തിടെയുണ്ടായ അസം പ്രളയത്തിൽ പലരുടേയും രേഖകൾ നഷ്ടമായിട്ടുണ്ട്. ഇതും പൗരത്വം നഷ്ടപ്പെടുന്നതിന് കാരണമായി.

കാർഗിൽ യുദ്ധമുഖത്ത് രാജ്യത്തിനായി സേവനം അനുഷ്ടിച്ച ധീര യോദ്ധാവിന് പോലും പൗരത്വം നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് അസമിൽ കാണുന്നത്.

1971 ൽ അതിർത്തി കടന്ന അസമിൽ എത്തിയ മാതാപിതാക്കൾക്ക് അതേ വർഷം തന്നെ ജനിച്ച കുഞ്ഞിന് തന്റെ 48 ആം വയസ്സിൽ പൗരത്വം നഷ്ടപ്പെടുകയാണ് ! 2003ന് ശേഷം ഇന്ത്യയിൽ ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കളിൽ ഒരാൾ സംശയത്തിന് നിഴലിലാണെങ്കിൽ പോലും ആ കുഞ്ഞിന് പൗരത്വം നഷ്ടപ്പെട്ടേക്കാം.

പൗരത്വം നഷ്ടപ്പെട്ട് പുറത്താക്കപ്പെട്ടവർ എന്ത് ചെയ്യും ?

എൻആർസി അന്തിമ പട്ടികയിൽ ഇടംനേടാനാവാത്ത 19,06,067 പേരെയാണ് പൗരത്വം നഷ്ടപ്പെട്ട് രാജ്യത്ത് നിന്ന് പുറത്താക്കുന്നത്. ഇതിനർത്ഥം അവർ വിദേശികളായി കണക്കാക്കപ്പെടും എന്നല്ല. പക്ഷേ രാജ്യത്ത് ഒരു പൗരന് ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും അവരിൽ നിന്ന് തട്ടിയെടുക്കപ്പെടും. ഫോറിൻ ട്രൈബ്യൂണലിന്റെ അനുവാദമില്ലാതെ ഇവരെ അവിടെ തടഞ്ഞുവെക്കാനോ നാടുകടത്താനോ ആർക്കും അവകാശമില്ല. ഇവരുടെയെല്ലാം ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാണ്. ലോകം കണ്ടതിൽവച്ച് ഏറ്റവും മനുഷ്യത്വരഹിതമായ നടപടിക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here