ഉയർന്ന പിഴ അശാസ്ത്രീയം; മോട്ടോർ വാഹന നിയമഭേദഗതിക്കെതിരേ സിപിഐഎം

മോട്ടോർ വാഹന നിയമ ഭേദഗതിയെ വിമർശിച്ചു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിഷ്കാരം അശാസ്ത്രീയമാണെന്നും ഉയർന്ന പിഴ വിപരീതഫലമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
20,000 രൂപ പിഴ വിധിച്ചാൽ പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് 5,000 രൂപ കൊടുത്ത് ഊരിപ്പോരാൻ ആളുകൾ ശ്രമിക്കും. അപ്പോൾ ആ പണം സർക്കാരിനു കിട്ടുന്നില്ല. അഴിമതിക്കു വഴിയൊരുങ്ങുകയും ചെയ്യുന്നു. ജനത്തിന്റെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയാകണം നിയമങ്ങളെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
എല്ലാവശങ്ങളും പരിശോധിച്ചുകൊണ്ട് ആവശ്യമായ മാറ്റം കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തണം. ഇതിന് ട്രേഡ് യൂണിയൻ സംഘടനകൾ ഇടപെടണം. കേന്ദ്രനിയമത്തിനെതിരെ എന്തു ചെയ്യാൻ പറ്റുമെന്നു സംസ്ഥാന ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
നിയമം നടപ്പാക്കുന്നതിനു മുന്പു ഗതാഗതവകുപ്പു കൃത്യമായി ഗൃഹപാഠം നടത്തിയില്ല എന്ന വിശകലനമാണു സിപിഎമ്മിനുള്ളത്. ഈ ഘട്ടത്തിൽ സംസ്ഥാനത്തു നിയമം നടപ്പാക്കുന്നതു തത്കാലത്തേക്കു മാറ്റി വയ്ക്കാമോ എന്നു പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here