ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങൾ വീണ്ടും ഒരേ വേദിയിൽ

ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായിരുന്ന അശോക് പാർമറും കുത്തബുദീൻ അൻസാരിയും വീണ്ടും ഒരേ വേദിയിൽ ഒത്തുചേർന്നു. അശോക് പാർമറിന്റെ ‘ഏക്ത ചപ്പൽ ഘർ’ എന്ന പേരിൽ തുടങ്ങിയ ചെരുപ്പുകട ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു അൻസാരി. ഇരുവരുടേയും ഒത്തു ചേരൽ വീണ്ടും വാർത്തകളിൽ ഇടം നേടി.
ഇരു കൈകളും കൂപ്പി നിറകണ്ണുകളോടെ ജീവന് വേണ്ടി യാചിക്കുന്ന അൻസാരിയുടെ മുഖം ഗുജറാത്ത് കലാപ ഭീകരതയുടെ നേർ ചിത്രമായിരുന്നു. അതേസമയം, മറുവശത്ത് കൈയിൽ വാളേന്തി ആക്രോശിക്കുന്ന അശോക് പാർമറുടെ ചിത്രവും കലാപത്തിന്റെ ഭീകരത തുറന്നുകാട്ടി. എന്നാൽ വർഷങ്ങൾക്കിപ്പുറം അൻസാരിയുടെ മറ്റൊരു മുഖമാണ് ജനം കണ്ടത്. കലാപത്തേയും വംശീയഹത്യകളേയും തള്ളിപ്പറഞ്ഞ അശോക് മത സൗഹാർദത്തിനായി മുന്നോട്ട് വന്നു.
2014 ൽ അശോകും അൻസാരിയും സൗഹൃദത്തിന്റെ പാതയിലെത്തി. സിപിഐഎം പ്രവർത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്റെ പാതിയിലെത്തിക്കാൻ മുൻകൈ എടുത്തത്. അശോകിന് ചെരുപ്പ് കട തുടങ്ങാൻ അവസരമൊരുക്കിയതും സിദ്ദിഖിയായിരുന്നു. ഇതിനിടെ കൊൽക്കത്തയിലേക്ക് പാലായനം ചെയ്ത അൻസാരി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഗുജറാത്തിൽ തിരികെയെത്തിയത്. ഭാര്യക്കും മക്കൾക്കുമൊപ്പം തയ്യൽക്കട നടത്തുകയാണ് അൻസാരി. നേരത്തേ സിപിഐഎം നേതാവ് പി ജയരാജന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഇരുവരും കേരളത്തിലെത്തിയത് വാർത്തയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here