‘അടിച്ച് മാറ്റുമ്പോ വൃത്തിയായിട്ടെങ്കിലും ചെയ്യൂ’; സാഹോക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകൻ

പ്രഭാസിൻ്റെ ഏറ്റവും പുതിയ ചിത്രം ‘സാഹോ’യ്ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഫ്രഞ്ച് സംവിധായകനായ ജെറോം സല്ലെ ആണ് സാഹോയ്ക്കെതിരെ രംഗത്തു വന്നത്. സാഹോ, 2008ൽ പുറത്തിറങ്ങിയ തൻ്റെ സിനിമ ‘ലാർഗോ’യുടെ മോഷണമാണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ‘എൻ്റെ വർക്ക് അടിച്ചുമാറ്റുമ്പോ അത് വൃത്തിയായിട്ടെങ്കിലും ചെയ്യൂ’ എന്നായിരുന്നു തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം സാഹോയ്ക്കെതിരെ പരിഹാസവുമായി രംഗത്തു വന്നത്.

ട്വിറ്ററിൽ, ലാർഗോയുടെ മറ്റൊരു ഫ്രീമേക്ക് ഇന്ത്യയിൽ സാഹോ എന്ന പേരിൽ സിനിമയായിട്ടുണ്ടെന്ന ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് കോപ്പിയടി വിവരം ചർച്ചയാകുന്നത്. ‘അപ്പോൾ എനിക്ക് ഇന്ത്യയിൽ നല്ലൊരു കരിയർ ഉണ്ടാവും’ എന്ന് അദ്ദേഹം ട്വീറ്റിന് റിപ്ലേ നൽകി. തുടർന്നാണ് വിശദമായ ട്വീറ്റുമായി ജെറോം രംഗത്തെത്തിയത്.- “ലാർഗോയുടെ രണ്ടാമത്തെ ‘ഫ്രീമേക്ക്’ ആദ്യത്തേതിനെക്കാൾ മോശമാണ്. അതു കൊണ്ട്, തെലുങ്ക് സംവിധായകരേ, ദയവു ചെയ്ത് അടിച്ചു മാറ്റുമ്പോൾ അത് വൃത്തിയായെങ്കിലും ചെയ്യണം”- അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ഇതിനു മുൻപും സാഹോയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ബാംഗ്ലൂർ സ്വദേശിനിയാണ് മുൻപ് രംഗത്തു വന്നത്. 2014ൽ ചെയ്ത തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷിലോ ശിവ് സുലൈമാൻ എന്ന ആർട്ടിസ്റ്റ് ആരോപിച്ചത്.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസിൻ്റേതായി ഇറങ്ങിയ ഇക്കൊല്ലത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു സാഹോ. 350 കോടി രൂപ മുടക്കി അണിയിച്ചൊരുക്കിയ ചിത്രം വലിയ പ്രതീക്ഷകൾ നൽകി തീയറ്ററിലെത്തിയെങ്കിലും അത്ര നല്ല അഭിപ്രായങ്ങളല്ല ഉയരുന്നത്. പുതുമുഖ സംവിധായകൻ്റെ പരിചയക്കുറവ് സിനിമയെ സാരമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു വിമർശനം. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് കോപ്പിയടി ആരോപണവും സിനിമക്കെതിരെ ഉയരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More