ഉടുക്കാൻ മുണ്ടു പോലും ഇല്ലാതിരുന്ന കുട്ടിക്കാലത്തിൽ നിന്ന് ഐഎസ്ആർഒ ചെയർമാൻ വരെ; കെ ശിവന്റെ വിസ്മയിപ്പിക്കുന്ന കഥ

ചന്ദ്രയാൻ-2 എന്ന ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേഷണ ദൗത്യത്തിനു പിന്നിലെ തല ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ്റേതായിരുന്നു. സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെട്ട് പേടകവുമായുള്ള വാർത്താവിനിമയം നഷ്ടപ്പെട്ടുവെങ്കിലും ദൗത്യം 95 ശതമാനം വിജയമായിരുന്നു എന്നാണ് വിഷയത്തിൽ ഐഎസ്ആർഒ പ്രതികരിച്ചത്. ദൗത്യത്തിനു പിന്നിൽ രാപകലില്ലാതെ കഷ്ടപ്പെട്ട ഒട്ടേറെ ശാസ്ത്രജ്ഞന്മാർക്കിടയിൽ വിതുമ്പിപ്പോയ കെ ശിവൻ്റെ ജീവിതം ഒരു മുത്തശ്ശിക്കഥ പോലെ അത്ഭുതങ്ങൾ നിറഞ്ഞതാണ്.
കേരളത്തോട് തൊട്ടുകിടക്കുന്ന കന്യാകുമാരി ജില്ലയിലെ തരക്കന്‍വിളയില്‍ ജനിച്ച കെ ശിവന്‍ എന്ന കൈലാസവടിവു ശിവന്‍ പ്രതിസന്ധികളോട് പടവെട്ടിയാണ് ജീവിതം പടുത്തുയര്‍ത്തിയത്. തമിഴ്‌നാട്ടിലെ വെളിച്ചം കടക്കാത്ത ഒരു കുഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ശിവന് ഉടുക്കാന്‍ മുണ്ടുപോലും ഇല്ലാതിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു. പാടത്തും പറമ്പിലും പണി ചെയ്തും കന്നുകാലികളെ പോറ്റിയും കഴിഞ്ഞ നിറമില്ലാത്തൊരു സ്‌കൂള്‍ കാലം.
കുട്ടിക്കാലം സമ്മാനിച്ച പട്ടിണിയും ദാരിദ്ര്യവും തന്നെ ലോകമറിയുന്ന കെ ശിവനെ വാര്‍ത്തെടുത്തത്. സ്കൂൾ പഠനം സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെ ആയിരുന്നു. പട്ടിണി മൂലം സഹോദരനും രണ്ട് സഹോദരിമാര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാന്‍ ശിവന്റെ അച്ഛന് കഴിഞ്ഞില്ല. പഠനം നിലച്ച് പോയ സഹോദരങ്ങള്‍ക്കും അച്ഛനും ഒപ്പം ജോലികള്‍ ചെയ്ത ശേഷം സ്‌കൂളിലും കോളജിലും പോയാണ് ശിവന്‍ ബിരുദങ്ങള്‍ സ്വന്തമാക്കിയത്.
നാഗര്‍കോവില്‍ ഹിന്ദു കോളജില്‍ നിന്നായിരുന്നു ബിരുദം. കുടുംബത്തിലെ ആദ്യ ബിരുദധാരി. ട്യൂഷനോ കോച്ചിംഗോ ഒന്നുമില്ലാത്ത പഠനകാലം. 1980ല്‍ മദ്രാസ് ഐഐടിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും ബംഗളുരു ഐഐഎസ്‌സിയില്‍ നിന്ന് 1982ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2006ല്‍ ബോംബെ ഐഐടിയില്‍ നിന്ന് പിഎച്ച്ഡിയും നേടി.
ഐഐടിയില്‍ ചേരുന്നത് വരെ ഒരു പാന്റ് സ്വപ്നം പോലും കാണാന്‍ ശിവന്‍ എന്ന യുവാവിന് കഴിഞ്ഞിരുന്നില്ല. മുണ്ട് ധരിച്ചാണ് കോളജില്‍ പോയിരുന്നത്. ചെരുപ്പ് വാങ്ങാന്‍ പണില്ലാത്തതിനാല്‍ നഗ്നപാദനായി തന്നെയായിരുന്നു നടപ്പ്.
എ എസ് കിരണ്‍കുമാര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഐഎസ്ആര്‍ഒ മേധാവിയാകുന്നത്. ക്രയോജനിക് എന്‍ജിനുകള്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെയും മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്തുമായാണ് ഐഎസ്ആര്‍ഒ മേധാവി പദവിയിലേക്ക് എത്തുന്നത്. സിക്‌സ് ഡിട്രാജക്ടറി സിമുലേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വിഎസ്എസ്‌സിയില്‍ സഹപ്രവര്‍ത്തകര്‍ മടങ്ങിയാലും ശിവന്‍ തന്റെ ഓഫീസില്‍ തന്നെ ഉണ്ടാകുമായിരുന്നു. പാതിരാത്രിയോടെയാണ് മടക്കം. വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഈ സമയം വീണ്ടും നീളും. അപ്പോള്‍ വെറും നാലുമണിക്കൂര്‍ ഒക്കെയാണ് ഉറക്കം. ഐഎസ്ആര്‍ഒ മേധാവി ആയപ്പോഴും ഈ ശീലങ്ങള്‍ തുടര്‍ന്നു.
ജനിച്ചത് തമിഴ്‌നാട്ടിലാണെങ്കിലും മുപ്പത് കൊല്ലം തിരുവനന്തപുരത്താണ് അദ്ദേഹം ചെലവിട്ടത്. കരമന തളിയല്‍ ഹരിശ്രീ റസിഡന്റ്‌സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണ് ഭാര്യ. സുശാന്ത്, സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍.
കഠിനാദ്ധ്വാനത്തിലൂടെ ഇന്ന് വലിയൊരു ദൗത്യത്തിലെത്തി നില്‍ക്കുമ്പോള്‍ ശിവന് പറയാനുള്ളത് പൊരുതി നേടിയ ജീവിതത്തെക്കുറിച്ചാണ്. ലോകത്തെ തന്നെ എണ്ണം പറഞ്ഞ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലൊന്നിന്റെ തലപ്പത്ത് നില്‍ക്കുമ്പോഴും പച്ച മനുഷ്യനായി പൊട്ടിക്കരയാനാകുന്നതും അത് കൊണ്ട് തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here