സൗജന്യമായി പുസ്തകങ്ങൾ; പുസ്തകം മടക്കി നൽകാൻ വൈകിയാലും പിഴയില്ല; കൊച്ചിയിൽ സൗജന്യമായി ലൈബ്രറി നടത്തി പന്ത്രണ്ടുകാരി

കൊച്ചിയിൽ സൗജന്യമായി ലൈബ്രറി നടത്തി പന്ത്രണ്ടുകാരി. മട്ടാഞ്ചേരിയിലാണ് യശോദ ഡി ഷേണായി എന്ന 12 കാരി സൗജന്യമായി ലൈബ്രറി തുറന്ന് പുസ്തകങ്ങളുടെ ലോകത്തേക്ക് കൊച്ചി നിവാസികളെ കൈപിടിച്ച് കയറ്റുന്നത്.

ആർട്ടിസ്റ്റായിരുന്നു യശോദയുടെ അച്ഛൻ ദിനേശ് ആർ ഷേണായി. വീടിന് മുകളിൽ ഒരു മുറിയിലായിരുന്നു അദ്ദേഹത്തിന്റെ ഗ്യാലറി. ഈ മുറിയാണ് നിലവിൽ ‘ഗ്യാലറി കം ലൈബ്രറിയായി’ മാറ്റിയിരിക്കുന്നത്. രാവിലെ 9 മണി മുതൽ തന്നെ ലൈബ്രറി പ്രവർത്തനം ആരംഭിക്കും. യശോദ സ്‌കൂളിൽ പോകുന്ന സമയത്ത് യശോദയുടെ അച്ഛനോ അമ്മയോ ആകും ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നത്. യശോദ തിരിച്ച് വന്നാലുടൻ ഈ ചുമതല യശോദ തന്നെ ഏറ്റെടുക്കും. ഏഴ് മണി വരെയാണ് ലൈബ്രറിയുടെ പ്രവർത്തനം.

എട്ടാം വയസ്സ് മുതൽ തന്നെ പുസ്തകങ്ങളുമായി കൂട്ടുകൂടിയ വ്യക്തിയാണ് യശോദ. ഒരിക്കൽ ലൈബ്രറിയിൽ നിന്ന് യശോദയ്ക്കായി പുസ്തകമെടുത്തപ്പോൾ അച്ഛൻ പണം നൽകുന്നത് യശോദയുടെ ശ്രദ്ധയിൽപ്പെട്ടു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുക്കാൻ പണം നൽകണമെന്ന ഈ തിരിച്ചറിവാണ് യശോദയെ ഇത്തരത്തിലൊരു ഉദ്യമം തുടങ്ങുന്നതിനായി പ്രേരിപ്പിച്ചത്. പുസ്തകങ്ങൾ വായിക്കാൻ പണം നൽകണമെങ്കിൽ എങ്ങനെ പാവപ്പെട്ടവർ വായിക്കുമെന്നായിരുന്നു യശോദയുടെ മനസ്സിലെ ചിന്ത. അങ്ങനെയാണ് സൗജന്യമായി ലൈബ്രറി തുടങ്ങുകല എന്ന ആശയത്തിലേക്ക് യശോദ എത്തുന്നത്.

ഇത് യശോദ അച്ഛനുമായി പങ്കുവെച്ചു. ഉടൻ തന്നെ അച്ഛൻ ദിനേശ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടു. 2000 ബുക്കുകളാണ് പോസ്റ്റിന് പ്രതികരണമായി ആദ്യഘട്ടത്തിൽ ലഭിച്ചത്. നിലവിൽ 3500 ൽ അധികം പുസ്തകങ്ങളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ കൊങ്കണി, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിലും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

ബഷീർ കഥകളോട് യശോദയ്ക്ക് ഒരു പ്രത്യേക താത്പര്യമുണ്ട്. യശോദയുടെ സഹപാഠികളും പഠിപ്പിക്കുന്ന അധ്യാപകരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ്. പുസ്തകം 15 ദിവസത്തേക്കാണ് കൈവശം വയ്ക്കാൻ സാധിക്കുകയുള്ളു. പുസ്തകം മടക്കി നൽകാൻ വൈകിയാൽ ഫൈനൊന്നും യശോദ വാങ്ങില്ല. ലൈബ്രറിലിയലേക്ക് വരാൻ സാധിക്കാത്ത പ്രായമായവർക്ക് വീട്ടിൽ കൊണ്ടുപോയി പുസ്തകങ്ങൾ നൽകാറുണ്ട് യശോദ.

ഒരു വലിയ ലൈബ്രറി സ്വന്തമാക്കണമെന്നാണ് യശോദ എന്ന പുസ്തക പ്രേമിയുടെ ഏറ്റവും വലിയ ആഗ്രഹം. ഒരു ലൈബ്രേറിയനാണെങ്കിൽ എന്നെങ്കിലുമൊരിക്കൽ വിരമിക്കേണ്ടി വരും. എന്നാൽ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടെങ്കിൽ ഒരക്കലും വിരമിക്കേണ്ടി വരില്ല, യശോദ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More