കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതി; പിഴ കുറയ്ക്കുന്നതിന് നിയമ സാധുത തേടി ഗതാഗതവകുപ്പ്

കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതിയിലെ വൻപിഴ കുറയ്ക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗതവകുപ്പ് നിയമവകുപ്പിന് കത്തയച്ചു. ഭേദഗതിക്കെതിരെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഉയർന്ന പിഴക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. ഓണക്കാലം കഴിയും വരെ കർശന വാഹനപരിശോധനകളും പിഴയീടാക്കലും വേണ്ടെന്ന് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. പിഴ കുറയ്ക്കാനുള്ള നിയമവഴികൾ പരിശോധിക്കാൻ നിയമവകുപ്പിനോട്, ഗതാഗതവകുപ്പ് ആവശ്യപ്പെട്ടു. രാജസ്ഥാനും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നുണ്ട്. സമാനമായ വഴി തെരഞ്ഞെടുക്കുന്നതിന്റെ സാധുതയും നിയമവകുപ്പ് പരിശോധിക്കും.

അതേ സമയം, പരിശോധന ലഘൂകരിക്കുമെന്നും, കേന്ദ്ര നിയമത്തിൽ ജനങ്ങൾക്കുള്ള വികാരം സംസ്ഥാന സർക്കാരിന് എതിരെ തിരിച്ച് വിടാൻ നീക്കമുണ്ടെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതി നടപ്പിലാക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വാഹനപരിശോധനയും പിഴയീടാക്കലും കർശനമാക്കിയതോടെ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ സിപിഐഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top