Advertisement

ഹരിയാനയിൽ ബിഎസ്പിയുമായി സഖ്യത്തിനൊരുങ്ങി കോൺഗ്രസ്

September 9, 2019
1 minute Read

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയേക്കും. ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പുതിയ ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെൽജയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഭൂപീന്ദർ സിംഗ് ഹൂഡയും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി. ദളിത്, ജാട്ട് വോട്ടുകൾ സമാഹരിച്ച് വിജയിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് കോൺഗ്രസ് ഇത്തവണ ഹരിയാനയിൽ നടത്തുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള കുമാരി ഷെൽജയെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന അധ്യക്ഷയാക്കിയതും ജാട്ട് വിഭാഗക്കാരനായ മുൻമുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയ്ക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതും ഇതിന്റെ ഭാഗമായാണ്.

Read Also; ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്, മാസം 2 ലക്ഷം വരുമാനം; ഇത് ഹരിയാനയിലെ യൂട്യൂബ് കർഷകൻ

ജാട്ട് ഇതര വിഭാഗങ്ങളുടെയും സിഖ് വിഭാഗത്തിൻറെയും വോട്ട് നേടിയാണ് കഴിഞ്ഞ തവണ ബിജെപി ഹരിയാനയിൽ അധികാരത്തിൽ വന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടി ഹരിയാനയിൽ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരുത്തിയുള്ള കോൺഗ്രസിന്റെ പരീക്ഷണം. ഹരിയാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അശോക് തൻവാറും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള പോര് മുറുകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തൻവാറിനെ മാറ്റി പകരം കുമാരി ഷെൽജയെ നിയമിച്ചത്.

Read Also; ജമ്മുകശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡ

ഒക്ടോബർ-നവംബർ മാസങ്ങളിലായി ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അതേ സമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയും ഹരിയാനയിൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച രോഹ്തക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എടുത്ത് പറഞ്ഞായിരുന്നു റാലിയിൽ മോദിയുടെ പ്രസംഗം. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top