കോടതി നടപടികളിൽ പങ്കെടുക്കാതെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വികെ താഹിൽ രമണി

സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് രാജികത്ത് അയച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നു. അഭിഭാഷകരും നാളെ കോടതി നടപടികൾ ബഹിഷ്‌കരിക്കും.

76 അംഗങ്ങളുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മൂന്ന് അംഗങ്ങൾ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് വി.കെ താഹിൽ രമണിയെ മാറ്റിയത്. ഇത് തരംതാഴ്ത്തലായി വിലയിരുത്തപ്പെട്ടിരുന്നു. തുടർന്നാണ് താഹിൽ രമണി രാജി കത്ത് രാഷ്ട്രപതിക്ക് അയച്ചത്. കത്ത് തുടർ നടപടിക്കായി രാഷ്ട്രപതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. രാജി തീരുമാനം പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ താഹിൽ രമണിയെ വസതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണവർ.

ഇതിന്റെ ഭാഗമായാണ് കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്. ചീഫ് ജസ്റ്റിസിന് പിന്തുണയർപ്പിച്ച് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ ഒന്നടങ്കം നാളെ കോടതി നടപടികൾ ബഹിഷ്‌കരിക്കും. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബിൽകീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹിൽ രമണിയാണ്. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതിയിലേക്കുള്ള സ്ഥലമാറ്റം ഇതിന്റെ പ്രതികാര നടപടിയാണെന്നാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top