ഓടുന്ന ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്

ഇടുക്കി രാജമലയിൽ ഓടുന്ന ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ബാലാവകാശ നിയമ പ്രകാരമാണ് മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ കുഞ്ഞിന്റെ അമ്മ ഉറങ്ങിപ്പോയെന്നും ഇതിനിടെ കുഞ്ഞ് താഴെ വീഴുകയുമായിരുന്നെന്നാണ് പിതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

Read Also; ജീപ്പിൽ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് നീങ്ങി ഫോറസ്റ്റ് ഓഫീസിൽ; അദ്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ

ഒന്നരവയസുകാരിയായ പെൺകുഞ്ഞ് ജീപ്പിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ പ്രാഥമിക നടപടിയായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ മാതാപിതാക്കൾ മനപൂർവ്വം വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചതായുള്ള ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മൂന്നാർ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോകുന്നത്. അതേ സമയം ഒരിക്കലും തങ്ങൾ കുഞ്ഞിനെ മനപൂർവ്വം വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് സതീഷ് പറഞ്ഞു.

Read Also; സീറ്റ് കവറിനുള്ളിൽ മൂർഖൻ പാമ്പ്; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

മരുന്നുകഴിച്ചതിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയ ഭാര്യയുടെ മടിയിൽ നിന്ന് കുഞ്ഞ്  വീണ് പോയതാണെന്നും സതീഷ് വ്യക്തമാക്കി. കുഞ്ഞ് തന്റെ മടിയിൽ നിന്ന് വീണുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന തരത്തിൽ വരുന്ന ആക്ഷേപങ്ങൾ ഏറെ വിഷമം ഉണ്ടാക്കുന്നുവെന്നും കുട്ടിയുടെ മാതാവും പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഇടുക്കി രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണത്. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശത്ത് ചെക്ക് പോസ്റ്റിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജീപ്പ് 40 കിലോമീറ്റർ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞത്. കുട്ടിയെ പൊലീസ് പിന്നീട് മാതാപിതാക്കൾക്ക് കൈമാറിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top