സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധൂർത്തും ചട്ടലംഘനവും; ഇരട്ടി ശമ്പള നിയമനത്തിനൊരുങ്ങി കെഎഎസ്ഇ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തും ചട്ടലംഘനവുമായി സർക്കാർ കമ്പനി. സർക്കാർ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം. തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസാണ് സർക്കാർ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് നിയമനത്തിനായി പരസ്യം നൽകിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും പ്രളയ പുനർനിർമാണത്തിനുപോലും പണം കണ്ടെത്താനാകാതെ വലയുകയും ചെയ്യുന്ന സമയത്താണ് സർക്കാർ കമ്പനിയുടെ ധൂർത്ത്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസാണ് സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തുന്നത്. അക്കാദമിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് നിലവിൽ 70,000 രൂപയാണ് പ്രതിമാസ ശമ്പളം. മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുള്ളതും ഇതേ തുകയാണ്. കമ്പനി സെക്രട്ടറിയുടെ ശമ്പളം 25,000 രൂപയാണ്. 2019 ജനുവരി 16ന് മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.
എന്നാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, കമ്പനി സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് അക്കാദമി ആഗസ്റ്റ് 31 ന് പുറപ്പെടുവിച്ച പരസ്യത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ശമ്പളം 1,20000 രൂപയാണ്. കമ്പനി സെക്രട്ടറിയുടേതാകട്ടെ അമ്പതിനായിരവും. ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ കരാർ കാലാവധി ഒരു വർഷമാക്കി ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കേരള അക്കാദി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മൂന്നു വർഷമാണ് നിയമന കാലാവധിയെന്ന് വ്യക്തമാക്കുന്നു. നികുതി വരുമാനം കുറയുകയും ചെലവ് ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് ശമ്പളം ക്രമാതീതമായി വർധിപ്പിച്ച് പുതിയ നിയമനത്തിന് സർക്കാർ കമ്പനി തന്നെ തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here