കെഎഎസ്ഇ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്ന് രേഖകൾ

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്ന് രേഖകൾ. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ നിയമനം നടത്തി. ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകി. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം ലംഘിച്ചായിരുന്നു ഇത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. മന്ത്രിസഭായോഗത്തിനയച്ച സി3/254/2018 എന്ന തൊഴിൽ വകുപ്പിന്റെ ഫയൽ ഇതു വ്യക്തമാക്കുന്നു. എന്നാൽ പുതിയതായി 2018 ഫെബ്രുവരിയിൽ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് ശ്രീറാംവെങ്കിട്ടരാമൻ ശമ്പളമായി നൽകിയത് 1,30,000 രൂപയായിരുന്നു. അതായത് സർക്കാർ നിശ്ചയിച്ച ശമ്പളത്തിന്റെ ഇരട്ടിയോളം തുക. ഇതിനു പുറമെ പരസ്യത്തിലൊന്നുമില്ലാതിരുന്ന കാറും മൊബൈൽ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകൾ വ്യക്തമാക്കുന്നു.
ഇതിനു പിന്നാലെയാണ് സ്വന്തം പി.എ ആയിരുന്ന ജിജിമോന് ഡയറക്ടർ ബോർഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ 13,000 രൂപ ശമ്പളവർധന നൽകി. ഇതു ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. സർവീസിലെ പ്രകടനം വിലയിരുത്തി ഡയറക്ടർ ബോർഡാകണം ശമ്പളം വർധിപ്പിക്കേണ്ടതെന്ന ചട്ടം മറികടന്നായിരുന്നു എം.ഡിയുടെ തീരുമാനം. സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നൽകാനായി ഇതു ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ബോർഡ് ശമ്പള വർധന അംഗീകരിച്ചില്ലെങ്കിലും എം.ഡിയുടെ സമ്മർദഫലമായി സ്‌പെഷ്യൽ അലവൻസായി ഇതു അംഗീകരിച്ചതായി രേഖകൾ തെളിയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here