അമേരിക്കയുമായി വീണ്ടും ആണവനിരായുധീകരണ ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തരകൊറിയ

അമേരിക്കയുമായി വീണ്ടും ആണവനിരായുധീകരണ ചര്‍ച്ചയ്ക്ക് സന്നദ്ദത അറിയിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശ സഹമന്ത്രി ചൂ സണ്‍ ഹൂയിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ പല കൂടിക്കാഴ്ചകളും പരാജയമായിരുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ആണവ നിരായുധീകരണ ചര്‍ച്ചയ്ക് സന്നദ്ദത അറിയിച്ച് ഉത്തരകൊറിയന്‍ വിദേശ സഹമന്ത്രി ചൂ സണ്‍ ഹൂയി രംഗത്തെത്തിയത്. ഈ മാസം അവസാനത്തോടെ ഉഭയകക്ഷി ചര്‍ച്ചനടത്താന്‍ ഉത്തരകൊറിയ തയ്യാറാണെന്നും സമയവും സ്ഥലവും അമേരിക്ക തന്നെ നിശ്ചിയിക്കണ്ടേയെന്നും പ്രസ്താവനയിലൂടെ ചൂ സണ്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ അമേരിക്കയില്‍ നിന്നുണ്ടാകുമെന്ന പ്രത്യാശയിലാണ് ഉത്തരകൊറിയയെന്നും ചൂ സണ്‍ വ്യക്തമാക്കി. അതേസമയം ചൂ സണിന്റെ പ്രസ്താവന പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ കൂടി പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകളുമുണ്ട്.
നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അമേരിക്ക ഉത്തരകൊറിയ ബന്ധം വഷളാകുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ടായി. എന്നാല്‍ രണ്ട് കൊറിയകളുടെയും അതിര്‍ത്തിയിലെ സൈനീക മുക്ത മേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നും ജൂണില്‍ കണ്ടുമുട്ടിയത് ചരിത്രസംഭവമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here