സമാധാന ചർച്ച റദ്ദാക്കിയതിൽ കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ

സമാധാന ചർച്ച റദ്ദാക്കിയത് കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ. ചർച്ച റദ്ദാക്കാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടുള്ള വിശ്വാസ്യത തകർത്തെന്നും താലിബാൻ കുറ്റപ്പെടുത്തി.

താലിബാനുമായുള്ള സമാധാന ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി താലിബാൻ രംഗത്ത് എത്തിയത്. ചർച്ചയിൽ നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്ക്ക് തന്നെയാകുമെന്നും പ്രസ്താവനയിൽ താലിബാൻ വ്യക്തമാക്കി. നടപടി അമേരിക്കയുടെ വിശ്വാസ്യത തകർത്തതായും താലിബാൻ കുറ്റപ്പെടുത്തി. ദോഹയിൽ നടന്ന മദ്ധ്യസ്ഥ ചർച്ച ഫലപ്രദമായിരുന്നുവെന്നും കരാർ ഒപ്പിടാനിരിക്കെയുള്ള അമേരിക്കയുടെ പിന്മാറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും താലിബാൻ ആരോപിച്ചു. പുതിയ സാഹചര്യത്തിൽ 18 വർഷം പിന്നിട്ട് തങ്ങളുടെ പോരാട്ടം തുടരുമെന്നും താലിബാൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അമേരിക്ക സമാധാന ചർച്ചയിൽ നിന്ന് പിന്മാറുന്ന വിവരം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. പിന്നാലെ അമേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ താലിബാൻ പ്രതിനിധികളും അഫ്ഗാൻ പ്രസിഡന്റുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും പിൻവലിച്ചു. സമാധാന ചർച്ചയ്ക്കിടയിലും താലിബാൻ അക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്കൻ സൈനീകരടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top