Advertisement

ഉടൽ നിറയെ കൈകളുമായി ഗുർപ്രീത്; കളം ഭരിച്ച് സഹൽ: ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ ഇന്ത്യക്ക് ജയത്തിനു തുല്യമായ സമനില

September 11, 2019
Google News 1 minute Read

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കടുപ്പമേറിയ പോരാട്ടത്തിൽ ഏഴ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ കുരുക്കി ഇന്ത്യ. ക്രോസ് ബാറിനു കീഴിൽ ഗുർപ്രീത് സിംഗ് സന്ധു നടത്തിയ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യക്ക് ജയത്തോളം മധുരമുള്ള സമനില നൽകിയത്. ഖത്തറിൻ്റെ ആക്രമണങ്ങൾക്കിടയിലും കെട്ടുപൊട്ടിച്ച് ഇടക്കെങ്കിലും എതിർ ഗോൾമുഖം വിറപ്പിക്കാൻ മുൻകൈ എടുത്ത മലയാളി താരം സഹൽ അബ്ദുൽ സമദും ഇന്ത്യക്കായി തിളങ്ങി.

കഴിഞ്ഞ മത്സരത്തിൽ ഒമാനെതിരെ വഴങ്ങേണ്ടി വന്ന അപ്രതീക്ഷിത തോൽവി. പരിക്കേറ്റ ക്യാപ്റ്റൻ സുനിൽ ഛേത്രി. 70 മിനിട്ടുകൾക്ക് ശേഷം ശാരീരികമായി തളർന്നു പോകുന്ന ടീം. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് നീലപ്പട ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ പന്തു തട്ടാനിറങ്ങിയത്. ഏഷ്യൻ ചാമ്പ്യന്മാരായ, കോപ്പ അമേരിക്കയിൽ പന്ത് തട്ടിയ, ലോകകപ്പ് ആതിഥേയരായ, കഴിഞ്ഞ 8 മത്സരങ്ങളിൽ 25 ഗോളുകൾ അടിച്ചു കൂട്ടിയ ഖത്തർ ഇന്ത്യയെ തോൽപിക്കുമെന്ന ഉറച്ച നിരീക്ഷണങ്ങൾക്കവസാനത്തിലാണ് ഗുർപ്രീതും ഇന്ത്യയും അസാമാന്യ ചങ്കുറപ്പുമായി ഖത്തറിൽ പന്തു തട്ടിയത്.

പ്രതീക്ഷിച്ചതു പോലെ ഖത്തർ നാലുപാടു നിന്നും ആക്രമണം അഴിച്ചു വിട്ടു. പ്രതിരോധ നിരയിൽ ആദിൽ ഖാനും സന്ദേശ് ജിങ്കനും ചേർന്ന് നടത്തിയ അസാമാന്യമായ ടാക്കിളുകളുകളും ക്ലിയറൻസുകളും സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ഖത്തരികളെ വിസ്മയിപ്പിച്ചു. എണ്ണത്തിൽ കുറവെങ്കിലും ഓരോ ടാക്കിളിലും ഓരോ ടച്ചിലും തൊണ്ട പൊട്ടി അലറിവിളിച്ച ഇന്ത്യൻ കാണികൾ ഖത്തരികളെ അതിശയിപ്പിച്ചു. ആദിലിൻ്റെയും സന്ദേശിൻ്റെയും പിടിയിൽ നിന്നു രക്ഷപ്പെട്ട് സ്പേസുണ്ടാക്കി ബോക്സിലേക്ക് തൊടുത്ത ഷോട്ടുകൾ അസാമാന്യ റിഫ്ലക്സോടെ തട്ടിയകറ്റുന്ന ഗുർപ്രീത് ഖത്തരികളെ ദേഷ്യം പിടിപ്പിച്ചു. അവർ അയാളെ ശപിച്ചു. ഖത്തർ പരിശീലകൻ പോലും പലപ്പോഴും അവിശ്വസനീയതയോടെ തലയാട്ടി നിന്നു. ഖത്തർ ആക്രമണവും ഇന്ത്യൻ പ്രതിരോധവും കൊമ്പുകോർത്ത ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചപ്പോൾ തന്നെ ഇന്ത്യ മാനസികമായി മത്സരം ജയിച്ചു കഴിഞ്ഞിരുന്നു.

രണ്ടാം പകുതിയിൽ ഇന്ത്യ ഖത്തറിനൊപ്പം പിടിച്ചു. മധ്യനിരയിൽ നൃത്തച്ചുവടുകളുമായി പ്ലേമേക്കിംഗ് എന്ന മനോഹര കല കാഴ്ചവെച്ച സഹലിനോടൊപ്പം ഉദാന്തയും അനിരുദ്ധ് ഥാപ്പയും ഖത്തർ ഗോൾമുഖത്ത് വിള്ളലുകൾ സൃഷ്ടിച്ചു. പോസ്റ്റുരുമ്മിക്കടന്നു പോയ ഷോട്ടുകൾ, പ്രതിരോധത്തെ മറികടക്കുന്ന ഡ്രിബിളുകൾ, ഗോളിയെ ഫുൾ സ്ട്രെച്ച് ചെയ്യിച്ച നീക്കങ്ങൾ എന്നിങ്ങനെ ഇന്ത്യ രണ്ടാം പകുതിയിൽ എതിരാളികൾക്കൊപ്പം നിന്നു. ഇന്ത്യക്കൊപ്പം ഭാഗ്യം കൂടി ചേർന്നതോടെ അവസാന ഘട്ടത്തിൽ ഖത്തർ നടത്തിയ ചില നീക്കങ്ങൾ വലയിലെത്തിയതുമില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇന്ത്യ-0 ഖത്തർ-0.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here