Advertisement

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി

September 11, 2019
Google News 0 minutes Read
Supreme court judiciary

മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി. ഗോൾഡൻ കായലോരം റസിഡന്റ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. കോടതി നിർദേശത്തിന് കടകവിരുദ്ധമായാണ് വിദഗ്ധ സമിതി പ്രവർത്തിച്ചതെന്ന് ഹർജിയിൽ ആരോപിച്ചു.

റിട്ട് ഹർജി സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി തയാറാകാത്ത സാഹചര്യത്തിലാണ് അവസാനശ്രമമെന്ന നിലയിൽ ഫ്‌ളാറ്റ് ഉടമകൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചുമാറ്റണമെന്നാണ് രണ്ടംഗ ബെഞ്ചിന്റെ നിർദേശം. ഇതിന് മുൻപ് തിരുത്തൽ ഹർജി വിശാല ബെഞ്ചിന് മുന്നിലെത്തിക്കാനാണ് ശ്രമം. തിരുത്തൽ ഹർജി പരിഗണിക്കാൻ തീരുമാനിച്ചാൽ മൂന്ന് മുതിർന്ന ജഡ്ജിമാരും വിധി പറഞ്ഞ രണ്ട് ജഡ്ജിമാരും അടക്കം അഞ്ചംഗ ബെഞ്ചാകും പരിശോധിക്കുക.

തുറന്ന കോടതിയിൽ തിരുത്തൽ ഹർജി പരിഗണിക്കണമെന്ന് ഫ്‌ളാറ്റ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിയോഗിച്ച വിദഗ്ധ സമിതിയിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിയ്ക്ക് പകരം സ്‌പെഷ്യൽ സെക്രട്ടറിയെയാണ് ഉൾപ്പെടുത്തിയത്. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണ്. വിദഗ്ധ സമിതി സാങ്കേതിക സമിതി രൂപികരിച്ചു പഠനം നടത്തിയതിനെയും ഉടമകൾ ചോദ്യം ചെയ്യുന്നു. രണ്ടു സമിതികളും തങ്ങളുടെ ഭാഗം കേൾക്കാതെ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കലിന് കോടതി ഉത്തരവിട്ടത്. ഗുരുതരമായ ഈ പിഴവ് തിരുത്തണമെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here