രോഹിതും കോലിയും തമ്മിൽ പ്രശ്നങ്ങളില്ല; വാർത്തകൾ തള്ളി രവി ശാസ്ത്രി

ഇന്ത്യൻ നായകനും ഉപനയകനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ തള്ളി പരിശീലകൻ രവി ശാസ്ത്രി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ വിഡ്ഢിത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി താൻ അവർക്കൊപ്പമുണ്ടെന്നും ഇരുവരുമെങ്ങനെയാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ അഞ്ചു കൊല്ലമായി ഞാൻ ഡ്രസിംഗ് റൂമിലുണ്ട്. അവരെങ്ങനെയാണ് കളിച്ചതെന്നും ടീമിനെ അവരെങ്ങനെ പൂർണമാക്കിയെന്നും എനിക്ക് നന്നായറിയാം. ഇത് തികച്ചും വിഡ്ഢിത്തമാണ്. ഇങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നെങ്കിൽ രോഹിത് ലോകകപ്പിൽ 5 സെഞ്ചുറികൾ എങ്ങനെ നേടും? അവരെങ്ങനെ പരസ്പരം പാർട്ണർഷിപ്പ് പടുത്തുയർത്തും?”- ശാസ്ത്രി ചോദിച്ചു.

ഹിന്ദി ദിനപത്രം ദൈനിക് ജാഗരനാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കോലി, രോഹിത് എന്നീ രണ്ട് സഖ്യങ്ങളായി തിരിഞ്ഞിരിക്കുകയാണെന്നും കോലി സഖ്യത്തിൽ പെട്ടവർക്ക് മാത്രമാണ് ടീമിൽ ഇടം ലഭിക്കുന്നതെന്നും ബാക്കിയുള്ളവരെ തഴയുകയാണെന്നും ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്തിരുന്നു.

താനും രോഹിതും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അസ്വസ്ഥതയാണ് അനുഭവപ്പെട്ടതെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളോട് കോലി പ്രതികരിച്ചത്. ഇത്തരം അസംബന്ധങ്ങള്‍ വായിക്കുമ്പോള്‍ അസ്വസ്ഥനാവുന്നു. നല്ല കാര്യങ്ങളെക്കുറിച്ചൊന്നും പറയാന്‍ ശ്രമിക്കാതെ കഥകള്‍ മെനഞ്ഞ് ഇല്ലാത്തത് പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. രോഹിതുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top