‘വിദേശത്ത് ഓൺലൈൻ ടാക്സികളില്ലേ?’; ധനമന്ത്രിയെ തള്ളി മാരുതി

വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ തള്ളി മാരുതി സുസുകി. പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളായ ഒലയും ഊബറും കൂടുതലായി ആശ്രയിക്കുന്നതാണ് വാഹന വിപണി തകരാന്‍ ഇടയാക്കിയത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
വിശദമായ പഠനം ആവശ്യമാണെന്നും എങ്കിൽ മാത്രമേ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഒലയും ഊബറും വന്നിട്ട് ഏഴ് വര്‍ഷമേ ആകുന്നുള്ളൂ. വാഹന വിപണിയിലെ ഏറ്റവും സുവര്‍ണകാലവും ഇതുതന്നെയാണ്. തകര്‍ച്ച തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
ഊബര്‍ അമേരിക്കയില്‍ സജീവമാണ്. പക്ഷേ, അവിടെ വാഹന വിപണിയില്‍ ഇടിവുണ്ടായിട്ടില്ല. ഒലയും ഊബറും ഓഫീസ് യാത്രകള്‍ക്ക് മാത്രമാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അവധി ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കാറുകള്‍ സ്വന്തമായി വാങ്ങുന്നതാണ് ഇതുവരെയുള്ള പ്രവണത. എല്ലാം മാറിയിരിക്കുകയാണിപ്പോള്‍. വില്‍പ്പന തീരെ കുറഞ്ഞു. ഇതിന്റെ കാരണം വിശദമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ശ്രീവാസ്തവ പറയുന്നു.
മന്ത്രിയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്ന അളവില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇത്തരം കമ്പനികള്‍ക്ക് മാരുതി വില്‍ക്കുന്നത് തോത് 5-6 ശതമാനമാണ്. ഇപ്പോഴും അങ്ങനെ തന്നെ. പണലഭ്യതയുടെ കുറവും വിലക്കയറ്റവും ഉയര്‍ന്ന നികുതിയുമായിരിക്കാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനവും ആദ്യമായി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here