ധോണി വിരമിക്കുന്നില്ല; വാർത്തകൾ തെറ്റെന്ന് സാക്ഷി ധോണി

കഴിഞ്ഞ ദിവസം വിരാട് കോലി ചെയ്ത ഒരു ട്വീറ്റിനെത്തുടർന്ന് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പത്രസമ്മേളനം വിളിച്ച് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ, അതൊക്കെ തള്ളി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തു വന്നിരിക്കുകയാണ്.

ഒറ്റ വരി ട്വീറ്റിലൂടയാണ് സാക്ഷി വാർത്തകൾ തള്ളിയത്. ‘ഇതിനെയൊക്കെയാണ് അഭ്യൂഹങ്ങള്‍ എന്നു വിളിക്കുന്നത്’ എന്ന് മാത്രമാണ് സാക്ഷി കുറിച്ചത്. ഇതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.

ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാത്തതിന് ഏറെ പഴി കേട്ട ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് വിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം ഒഴിവായ ധോണി രണ്ട് മാസത്തെ സൈനിക സേവനത്തിനു പോയത്.

ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്നായിരുന്നു ചില റിപ്പോർട്ടുകൾ. എന്നാൽ ധോണി അതേപ്പറ്റി ഒന്നും പറഞ്ഞില്ല. വിരമിച്ചാലും ഇല്ലെങ്കിലും ഇനി ഫസ്റ്റ് സ്ക്വാഡ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് പരിഗണിക്കുക എന്ന സെലക്ഷൻ കമ്മറ്റിയുടെ വെളിപ്പെടുത്തലും ധോണിയുടെ വിരമിക്കൽ ചർച്ചകൾക്ക് എരിവു പകർന്നു.

എന്നാൽ, ധോണി ഉടൻ വിരമിക്കില്ലെന്നും ഇന്ത്യ സുരക്ഷിതമായ കൈകളിലാണെന്നുറപ്പായിട്ടേ അതേപ്പറ്റി ആലോചിക്കൂ എന്നും മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞതോടെ ചർച്ചകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. ഇതിനിടെ മുൻ താരങ്ങളിൽ ചിലർ ധോണി വിരമിക്കലിനെപ്പറ്റി ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടതും വാർത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top