ത്രഡ്‌സില്‍ ഇനി പുത്തൻ ഫീച്ചറുകൾ എത്തുന്നു

ഇലോൺ മസ്‌കിന്റെ എക്സിനോട് മത്സരിക്കാൻ മെറ്റ അവരുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി നീളമുള്ള കുറിപ്പുകളും അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് ത്രെഡ്സിൽ വരാൻ പോകുന്നത്.
ഇതുവരെ 500 അക്ഷരങ്ങൾ മാത്രമാണ് ത്രഡ്‌സിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ ‘ടെക്സ്റ്റ് അറ്റാച്ച്‌മെന്റ്’ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് വലിയ ലേഖനങ്ങളും കുറിപ്പുകളും ഒറ്റ പോസ്റ്റായി പങ്കിടാനാകും. വലിയ ടെക്സ്റ്റ് പോസ്റ്റുകൾ പല ഭാഗങ്ങളായി ഇടുന്നതിന് പകരം, മുഴുവൻ വിവരങ്ങളും ഒരൊറ്റ പോസ്റ്റിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഒരു പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികളോ, വാർത്താ റിപ്പോർട്ടുകളോ എളുപ്പത്തിൽ പങ്കിടാൻ ഇത് സഹായിക്കും. പുതിയ ഫീച്ചർ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുമ്പോൾ ഒരു പ്രത്യേക ചാരനിറത്തിലുള്ള കോളത്തിൽ പോസ്റ്റിന്റെ പ്രിവ്യൂ കാണാൻ സാധിക്കും.
നീളമുള്ള കുറിപ്പുകൾക്കൊപ്പം, ത്രഡ്‌സിൽ ഇനി അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനും സാധിക്കും. നിലവിൽ ലിങ്കുകളും ഫോട്ടോകളും അഞ്ച് മിനിറ്റ് വരെയുള്ള വീഡിയോകളും പങ്കിടാൻ സാധിക്കും. വീഡിയോ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന ഈ കാലത്ത് ഈ മാറ്റം ഉപയോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്.
എക്സിലും നീളമുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ‘ആർട്ടിക്കിൾ’ എന്ന ഫീച്ചറിലൂടെ ലഭ്യമാണ്. എന്നാൽ ഇത് എക്സ് പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമുള്ളതാണ്. എന്നാൽ ത്രെഡ്‌സിൽ ഈ പുതിയ സൗകര്യം എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭിക്കും. ഈയൊരു നീക്കം കൂടുതൽ ആളുകളെ ത്രെഡ്‌സിലേക്ക് ആകർഷിക്കുമെന്നും എക്സുമായി നേരിട്ടുള്ള മത്സരത്തിന് വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തൽ.
Story Highlights : New features are coming to Threads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here